September 23, 2011

ഗ്രാമീണനൊമ്പരങ്ങള്‍.....


.....വള്ളുവനാട് താലൂക്ക് .... അംശം .... ദേശം !!!! പഴയ ആധാരത്തിന്റെ കീറിത്തുടങ്ങിയ താളുകള്‍ക്കിടയില്‍ പൊടിപിടിച്ചിരിയ്ക്കുന്ന , ഗൃഹാതുരത്വമുണര്‍ത്തുന്ന ആ അക്ഷരങ്ങള്‍ അവന്‍ പലകുറി വായിച്ചു.....കടലാസ് മാത്രമല്ലേ കീറിത്തുടങ്ങിയിട്ടുള്ളൂ..തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന സ്മരണകള്‍ക്കു മരണമില്ലല്ലൊ....!!!.
.തന്റെ ഗ്രാമത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഓരോന്നായി മനസ്സില്‍ ഓടിയെത്താന്‍ തുടങ്ങി... കുന്തിപ്പുഴയോര
ത്തെ ഒരു കുഗ്രാമം...ഒരു വണ്ടി കാണാന്‍ മൈലുകള്‍ താണ്ടി ചെല്ലേണ്ട അവസ്ഥ...ആകെയുള്ള ചെമ്മണ്‍ പാതയാണെങ്കിലോ നാടിനു കുറുകെയോടുന്ന തോടിനു അക്കരെയിക്കരെ വന്നു അമാന്തിച്ചു നില്‍പ്പാണു...നിത്യേനയെന്നോളമുള്ള പന്തം കൊളുത്തി പ്രകടനക്കാരുടെ വെളിച്ചമാണ്‌ രാത്രിയില്‍ യാത്രക്കാരുടെ ഏക ആശ്രയം...മഴക്കാലമായാല്‍ ബഹുരസം ..!! പ്രത്യേകിച്ചും കുട്ടികള്‍ക്ക് ...തോടും പാടവും ഒന്നായി , "ഒറ്റപ്പാല"ത്തിനും മീതെ വെള്ളമെത്തീട്ടുണ്ടാവും.... രണ്ടുമൂന്നു ദിവസം സ്കൂളില്‍ പോകേണ്ടല്ലോ...വൈകുന്നേരമായാല്‍ വെള്ളം കാണാന്‍ വരുന്നവരെക്കൊണ്ടു നിറഞ്ഞിരിയ്ക്കും അയ്യപ്പന്‍ കാവു പരിസരം...!!!!!!!!!
..അത് അന്തക്കാലം....ഒരു പത്തിരുപത്തഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പത്തെ നാടിന്റെ കഥ..മിച്ചഭൂമി സമരത്തിനും ജന്മി-കുടിയാന്‍ സംഘട്ടനങ്ങള്‍ക്കും പേരുകേട്ടിരുന്ന തന്റെ ഗ്രാമം ഇന്നേറെ മാറിയിരിയ്ക്കുന്നു...പണ്ടത്തെ ചെമ്മണ്‍പാത പൊതുമരാമത്തു വകുപ്പിന്റെ പാതയ്ക്കു വഴിമാറി....മഴക്കാലത്ത് തോടുതന്നെ നിറഞ്ഞാലായി....പാടം എന്നുള്ളത് പേരില്‍ മാത്രമായി ചുരുങ്ങി....കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച വിരിച്ച നെല്‍പ്പാടങ്ങള്‍പഴങ്കഥകളായി.. ....പുഞ്ചപ്പാടവും കരിങ്കറയും പള്ള്യേലും ചിറയും വഴിക്കുന്നും വളര്‍ത്തുകാടും ഓണക്കളികളും ആതിരക്കുളിരും എല്ലാം ഓര്‍മ്മകള്‍ മാത്രമായി..എങ്കിലും ...എങ്കിലും
.....ഒന്നു മാത്രം ഇന്നും ഈ മാറ്റങ്ങള്‍ക്കൊന്നും കാതോര്‍ക്കാതെ , അതിന്റെ പ്രയാണം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു.....അതെ....കുന്തിപ്പുഴ ശാന്തമായി ഒഴുകുന്നു......!!!

October 02, 2010

ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയ്ക്ക്...

.ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കണം .....

പലപ്പോഴായി കേട്ടു തഴമ്പിച്ച ആ പല്ലവി സുഹൃത്തിന്റെ നാവില്‍ നിന്നും വീണ്ടും ഉതിര്‍ന്നപ്പോള്‍ അവന്‍ അറിയാതെതന്നെ അവന്റെ മനസ്സില്‍ ഗ്രാമവും പുഴയും പാടവും എല്ലാം ഓരോന്നായി തെളിഞ്ഞുവരാന്‍ തുടങ്ങി.....പണ്ടത്തെ മഴക്കാലം എന്തൊരു രസമായിരുന്നു....ഇടമുറിയാതെ ഇമ്പമായ് പെയ്യുന്ന ഇടവപ്പാതിയായാലും ഇടിവെട്ടി തിമിര്‍ത്തു പെയ്യുന്ന തുലാവര്‍ഷമായാലും അന്നു മഴക്കാലത്തിനെ കുട്ടികള്‍ ഏറെ സ്നേഹിച്ചിരുന്നു...തോരാതെ പെയ്യുന്ന മഴയില്‍ പേരിനൊരു കുടയും പിടിച്ച് വെള്ളം തെറിപ്പിച്ച് ഉച്ചത്തില്‍ പാട്ടും പാടി ഒറ്റയ്ക്കു സ്കൂള്‍ വിട്ടു വരുമ്പോഴത്തെ സുഖം ഒന്നു വേറെ തന്നെയായിരുന്നല്ലോ. രണ്ടു ദിവസത്തെ മഴയില്‍ത്തന്നെ തോടും പാടവും ഒന്നായി തൊട്ടടുത്ത കുന്തിപ്പുഴയില്‍ ചേരുന്നതു കാണാന്‍ വൈകുന്നേരങ്ങളില്‍ എന്തു തിരക്കായിരിയ്ക്കും?..തോടിനു കുറുകെയുള്ള "ഒറ്റപ്പാല"ത്തിനു മുകളില്‍ വെള്ളമെത്തിയോ എന്നു ദിവസവും നോക്കാത്ത കുട്ടികള്‍ ചുരുക്കം...എത്തിയാല്‍ കുശാലായി. .സ്ക്കൂളില്‍ പോണ്ടല്ലോ.. രണ്ടു ദിവസമെങ്കിലും ആവും വെള്ളമിറങ്ങാന്‍ ...ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം?? ..വെള്ളമിറങ്ങിയാലോ..അവധിദിവസങ്ങളില്‍ കൂട്ടുകാരോടൊത്ത് പുഴവക്കത്തെ ചാട്ടുകുണ്ടില്‍ കുട്ടിക്കരണം മറഞ്ഞുള്ള മല്‍സരം.. ഒരു നാള്‍ ചാട്ടത്തിനിടയില്‍ പാറപ്പുറത്തു വീണതും താടി പൊട്ടിയതും വീട്ടില്‍ അറിഞ്ഞാലുള്ള തല്ലു പേടിച്ച് നേരെ അമ്മാവന്റെ വീട്ടില്‍ പോയതും എല്ലാം ഇന്നലത്തെ പോലെ അവന്റെ മനസ്സില്‍ പൊന്തി വന്നു..

..കുന്തിപ്പുഴയിലൂടെ വെള്ളം ഒരുപാടു ഒഴുകിപ്പോയി.....നാടാകെത്തന്നെ മാറി..വേനലിലും തലയുയര്‍ത്തി നിന്നിരുന്ന പുഴയും ശോഷിയ്ക്കുന്നുവോ?.മഴയ്ക്കുപോലും നാടു വേണ്ടെന്നായോ..തോടും പാടവും ഒന്നാവുന്നതു പോയിട്ട് തോടുതന്നെ നിറഞ്ഞാലായി....എപ്പോഴെങ്കിലും പെയ്യുന്ന മഴയെപ്പേടിച്ച് കുട്ടികള്‍ പുറത്തുതന്നെ ഇറങ്ങാതായി, അവരെ ഇറക്കാതായി....പാവം കുട്ടികള്‍... ഓര്‍മ്മിയ്ക്കാന്‍ പോലും ഒരു നല്ല മഴക്കാലം ഇന്നവര്‍ക്കില്ലാതെ പോയല്ലോ...

August 19, 2007

ചില "സുവര്‍‍ണ്ണ" ചിന്തകള്‍ - വിശ്വകൈരളി

മലയാളികളുടെ മാതൃഭൂമിയായ ഐക്യകേരളം രൂപം കൊണ്ട്‌ അന്‍പത്‌ വര്‍ഷം പിന്നിട്ടതിന്റെ സുവര്‍ണ്ണ സ്മരണകളിലാണല്ലോ നമ്മളിപ്പോള്‍.അതുകൊണ്ടുതന്നെ ഓരോ മലയാളിയ്ക്കും ഇത്‌ ആഘോഷങ്ങളുടേയും സ്വപ്നങ്ങളുടേയും കാലമാണ്‌. ഇതാ അത്തരത്തില്‍ ,മനസ്സില്‍ വിരിഞ്ഞ ആദ്യ 'സ്വപ്നം'.."വിശ്വകൈരളി"....

'ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍'..

ഒരുകാലത്ത്‌, ഈ ഈരടികള്‍ ഏതൊരു മലയാളിയുടേയും ആത്മവിശ്വാസത്തിന്റെ പര്യായമായിരുന്നത്രെ..എന്നാല്‍ കാലക്രമേണ ഈ വരികളുടെ മാസ്മരശക്തി മലയാളമനസ്സില്‍ നിന്നും മാഞ്ഞുപോകുന്നുവോ?.ഇന്നത്തെ മലയാളിയ്ക്ക്‌ അവന്റെ ദേശത്തോടും ഭാഷയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തിയുടെ അളവു വെച്ചു നോക്കുമ്പോള്‍,അങ്ങനെ ചിന്തിയ്ക്കാനാണ്‌ പ്രേരിപ്പിയ്ക്കുന്നത്‌.തമിഴനും ബംഗാളിയും പഞ്ചാബിയും ഗുജറാത്തിയും എവിടെയായാലും അവരുടെ സംസ്കാരം വിട്ടുള്ള കളിയ്ക്കിറങ്ങാറില്ല.നാമാകട്ടെ,നമ്മുടെ നാട്ടില്‍തന്നെ,വിദേശിയര്‍ പോലും മാനിച്ച്‌ പിന്തുടരാന്‍ ആഗ്രഹിയ്ക്കുന്ന ആ ജീവിതരീതിയ്ക്ക്‌ ശവക്കുഴി തോണ്ടുന്നു!...ഈ അവസരത്തിലാണ്‌ 'വിശ്വകൈരളി അന്തര്‍ദേശീയ മലയാളം സംസ്കാരിക സര്‍വകലാശാല' എന്ന സ്വപ്നത്തിന്റെ പ്രസക്തിയേറുന്നത്‌.

കേരള കലാമണ്ഡലം മലയാളിയുടെ അഭിമാനമായി മാറിയിട്ട്‌ വര്‍ഷങ്ങളേറെ കഴിഞ്ഞു.എങ്കിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ ചൂണ്ടിക്കാണിയ്ക്കാന്‍ പാകത്തില്‍ അത്‌ വളര്‍ന്നിട്ടില്ല. കുറച്ചുകാലം മുമ്പുവരെ ഇതോടനുബന്ധിച്ച്‌ ഡീംഡ്‌ യൂണിവേഴ്‌സിറ്റി എന്നൊക്കെ പലപ്പോഴായി കേട്ടുകൊണ്ടിരുന്നു.മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ പരിമിതികള്‍ക്കുള്ളിലിരുന്നുകൊണ്ട്‌ അത്‌ നശിച്ചുപോകാന്‍ അനുവദിയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ടുപോരുന്നു എന്നുമാത്രം. ഇപ്പോഴാണെങ്കില്‍ പുതിയ സര്‍ക്കാര്‍, കലാമണ്ഡലത്തിന്റെ വികസനസാദ്ധ്യതകളെപ്പറ്റി പഠിയ്ക്കാന്‍ പ്രൊ:ഓ.എന്‍.വി.യെ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്‌. ഇത്തരുണത്തില്‍, കലാരംഗം മുതല്‍ ചികിത്സാരീതി വരെ വ്യാപിച്ചു കിടക്കുന്ന,കേരളത്തിന്റെ തനതായ ഭാഷയുടേയും സംസ്കാരത്തിന്റേയും അന്ത:സ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌,ഈ ഭൂലോകത്തിലെ നാനാജാതിമതസ്ഥരായ എല്ലാ മലയാളികള്‍ക്കും അഭിമാനപുരസ്സരം ഉയര്‍ത്തിക്കാണിയ്ക്കാനുതകുന്ന,കൊല്‍ക്കൊത്തയിലെ വിശ്വഭാരതിയെപ്പോലെ, അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു സ്ഥാപനം-അതായിരിയ്ക്കട്ടെ 'വിശ്വകൈരളി' .

എന്നാല്‍ ഇത്തരം മറ്റു സര്‍വ്വകലാശാലകളെപ്പോലെ കേവലം ഭാഷാപരമായ പ്രവര്‍ത്തനങ്ങളിലൊതുങ്ങാതെ,ഒരു ജനതതിയുടെ സംസ്കാരത്തിന്റെ മുഴുവന്‍ പ്രതിബിംബമായി മാറാന്‍ കഴിയത്തക്കരീതിയിലായിരിയ്ക്കണം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌.എങ്കില്‍ മാത്രമേ വരും തലമുറകള്‍ ഇതിനെ അര്‍ഹിയ്ക്കുന്ന ആദരവോടുകൂടി കാണുകയുള്ളൂ..മറുനാട്ടിലും വിദേശങ്ങളിലും കേരളീയമായ തനതു കലകള്‍ക്കും ആയുര്‍വേദത്തിനും പ്രശസ്തി വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ അവ നിലനിര്‍ത്താനും പരിപോഷിപ്പിയ്ക്കുവാനും കൂടാതെ ആവശ്യക്കാര്‍ക്ക്‌ സമയത്ത്‌ ലഭ്യമാകാനും ഈ നിര്‍ദ്ദിഷ്ട 'വിശ്വകൈരളി'യില്‍ പ്രത്യേകം 'കളരി'കള്‍ -ഫാക്കല്‍ട്ടികള്‍-ക്കു കീഴില്‍ അവയെ ഏകോപിപ്പിക്കണം.ഉദാഹരണത്തിന്‌..മലയാള ഭാഷയുടെ പഠനത്തിനും ഗവേഷണത്തിനും "തുഞ്ചന്‍ ഭാഷാ കളരി",കഥകളി,മോഹിനിയാട്ടം,തുള്ളല്‍ തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്കായി "കലാമണ്ഡലം നൃത്ത കളരി",ശാസ്ത്രീയ സംഗീതത്തിനും നാടന്‍ പാട്ടുകള്‍ക്കും താളവാദ്യങ്ങള്‍ക്കുമായി "ചെമ്പൈ സംഗീത കളരി",ആയുര്‍വേദത്തിനും മറ്റു പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങള്‍ക്കുമായി"ധന്വന്തരി ചികിത്സാ കളരി",കളരിപ്പയറ്റിനും മറ്റു ആയോധന കലകള്‍ക്കുമായി "പുത്തൂരം ആയോധന കളരി",പിന്നെ രവിവര്‍മ്മ ലളിതകലാ കളരി,പെരുന്തച്ചന്‍ വാസ്തുവിദ്യാ കളരി,തുടങ്ങി കേരളീയ പൈതൃകമുള്ള താന്ത്രികം,ജ്യോതിഷം തുടങ്ങിയ എല്ലാത്തിനെയും സംയോജിപ്പിച്ച്‌ ഒരു കുടക്കീഴില്‍ കൊണ്ടുവരണം. ഇത്തരം ഓരോ കളരികളും(ഫാക്കല്‍ട്ടി) ഈ രംഗത്തെ അവസാന വാക്കാകാന്‍ കെല്‍പ്പുള്ള മികവിന്റെ കേന്ദ്രങ്ങളായി(സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌)വികസിപ്പിയ്ക്കണം.ഇതിനായി ഇപ്പോള്‍ നിലവിലുള്ള കലാമണ്ഡലം,തിരൂരിലെ തുഞ്ചന്‍ ഭാഷാ പഠനകേന്ദ്രം,ആറന്മുള വാസ്തുവിദ്യാ ഗുരുകുലം,ആലുവ താന്ത്രിക വിദ്യാപീഠം തുടങ്ങിയ സ്ഥാപനങ്ങളെ വിശ്വകൈരളിയുടെ അതാതു കളരികളുമായി അഫിലിയേറ്റ്‌ ചെയ്യാവുന്നതാണ്‌...

കൂടാതെ രാജ്യത്തിനകത്തും പുറത്തുമായി പ്രധാന നഗരങ്ങളില്‍ ഇതോടനുബന്ധിച്ച്‌ "വിശ്വകൈരളി മേഖലാ കേന്ദ്രങ്ങള്‍" - മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും ഒത്തു ചേരാനും വിവിധ മലയാളി സമാജങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിയ്ക്കുവാനും തദ്വാര അവിടങ്ങളില്‍ കേരള സംസ്കാരത്തിന്റെ മാതൃകയായി വര്‍ത്തിയ്ക്കാനും ഉതകുന്ന തരത്തില്‍, ഇന്‍ഫോര്‍മേഷന്‍ സെന്ററിനും പഠനത്തിനുമായി 'പൂമുഖം', കേരളീയ ഭക്ഷണത്തിനായി അത്യാവശ്യ താമസസൗകര്യത്തോടുകൂടി 'നാലുകെട്ട്‌', കേരളീയ കലാ സിനിമാ പ്രദര്‍ശനങ്ങള്‍ക്കായി 'കൂത്തമ്പലം' എന്നീ മൂന്നു വിഭാഗങ്ങളിലായി - രൂപകല്‍പ്പന ചെയ്യണം. ഈ കേന്ദ്രങ്ങളെയെല്ലാം വിശ്വകൈരളിയുമായി ബന്ധിപ്പിയ്ക്കുക എന്നത്‌ വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനു സാക്ഷ്യം വഹിയ്ക്കുന്ന ഇക്കാലത്ത്‌ ,ദുഷ്ക്കരമാകില്ല.

ഇത്തരമൊരാശയം നമ്മേപ്പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത്‌ പ്രായോഗിഗമാകുമോ എന്നത്‌ തികച്ചും ന്യായമായ ഒരു സംശയമാണ്‌.ശരി തന്നെ.. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഈ സംരംഭത്തിന്‌ പണച്ചെലവ്‌ ഏറെയാണ്‌.അതിനുള്ള ഉത്തരമിതാ...മലയാളി പലപ്പോഴും ലോകത്തിന്‌ വഴികാട്ടിയായിട്ടുണ്ടല്ലോ.ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ചപ്പോഴും, സാക്ഷരതാ രംഗത്തും ആതുരശുശ്രൂഷാ രംഗത്തും വികസിത രാജ്യങ്ങളെപ്പോലും ആശ്ചര്യപ്പെടുത്തിയപ്പോഴും, എന്തിനേറെ,ജനങ്ങള്‍ ' പിരിവെടുത്ത്‌ ' ഒരു അന്തര്‍ദ്ദേശീയ വിമാനത്താവളം പണികഴിപ്പിച്ചപ്പോഴും പാശ്ചാത്യരാജ്യങ്ങളടക്കമുള്ള വിദേശീയര്‍ക്ക്‌ അതെല്ലാം പുത്തന്‍ അറിവുകളായിരുന്നു. അങ്ങനെയുള്ള മലയാളിയ്ക്ക്‌ അവന്റെ സ്വത്വവും സംസ്കാരവും കാത്തുസൂക്ഷിയ്ക്കുവാന്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സംസ്കാരിക സ്ഥാപനം അത്യന്താപേക്ഷിതമാണ്‌. ദില്ലിയിലെ കപ്പൂര്‍ത്തല പ്ലോട്ടും മുംബായിലെ വാഷിയിലുള്ള കേരള ഹൗസും മദിരാശിയിലെ ഗ്രീംസ്‌ റോഡ്‌ സ്ഥലവും എല്ലാം ഇതിനായി നീക്കിവെയ്ക്കാവുന്നതെ ഉള്ളൂ.. പിന്നെ സര്‍ക്കാരിന്റേയും മറ്റു അഭ്യുദയാകാംക്ഷികളായ മലയാളികളുടെയും ഫൊക്കാന,ഗള്‍ഫിലേയും യൂറോപ്പിലേയും മലയാളി സമാജങ്ങള്‍ തുടങ്ങിയവയുടെയും കൂട്ടായ്മയും കൂടിയാകുമ്പോള്‍ "വിശ്വകൈരളി" എന്നത്‌ സ്വപ്നമല്ല യാഥാര്‍ഥ്യമാകുമെന്നതിന്‌ രണ്ടു പക്ഷമില്ല...

ഒരു സ്ഥാപനത്തില്‍ തുടങ്ങി പ്രസ്ഥാനമായി വളരേണ്ട ഈ സങ്കല്‍പ്പത്തിന്റെ സാക്ഷാത്ക്കാരത്തിന്‌ ലോകമെങ്ങുമുള്ള മലയാളികളുടെ സഹകരണം പ്രതീക്ഷിയ്ക്കാവുന്നതാണ്‌.അല്ലെങ്കിലും,മലയാളത്തനിമ കേരളക്കരയില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ അത്‌ കുറച്ചെങ്കിലും നിലനിര്‍ത്തിപ്പോരുന്നത്‌ പ്രവാസി മലയാളികളാണല്ലോ !!!! കേരളത്തിന്റെ സുവര്‍ണജയന്തി വര്‍ഷത്തില്‍ ഇത്തരമൊരു ആശയത്തിനു പ്രസക്തിയില്ലേ?

സഹ്യസാനുക്കള്‍ കടന്ന് കേരളം അങ്ങനെ വളരട്ടെ.....

February 15, 2007

പൂച്ചയ്ക്കാരു മണികെട്ടും ????

കേരളം ഇന്നറിയപ്പെടുന്നത്‌ ദൈവത്തിന്റെ സ്വന്തം നാടായാണല്ലോ...അപ്പോള്‍ സ്വാഭാവികമായും ഈ ദേവലോകത്തിലെ അന്തേവാസികളായ മലയാളികളിലും അല്‍പ്പമെങ്കിലും ദേവാംശം ഉണ്ടായിരിയ്ക്കണം...അങ്ങനെയാണോ?..... സത്യത്തില്‍ മലയാളി എന്നതു കൊണ്ട്‌ എന്താണ്‌ അര്‍ത്‌ഥമാക്കുന്നത്‌? ..അല്ല, അര്‍ത്‌ഥമാക്കേണ്ടത്‌....എന്താണ്‌ അവന്റെ അസ്തിത്വം?...എവിടെ ചെന്നാലും അവനെ തിരിച്ചറിയാനുതകുന്ന എന്തെങ്കിലും പൊതുവായ ഗുണഗണങ്ങള്‍ അവനുണ്ടോ....ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടി, കേരളോത്‌പ്പത്തി മുതല്‍ക്കുതന്നെ നമ്മുടെ പൂര്‍വ്വികര്‍ അന്വേഷണം തുടങ്ങിയിരുന്നിരിയ്ക്കാം എന്നതില്‍ തര്‍ക്കമില്ല...എന്നാല്‍ ഇന്നും ഒരു മാപിനി വെച്ച്‌ അളക്കാന്‍ തക്ക പരുവത്തില്‍ അതിന്റെ ഉത്തരം നമുക്കു ലഭിച്ചിട്ടുണ്ടോ എന്നത്‌ തര്‍ക്കവിഷയമാണ്‌......

ഇത്തരുണത്തില്‍ ഇതാ ചില അനുമാനങ്ങള്‍ ..........

പ്രവാസം കാംക്ഷിയ്ക്കുന്ന മലയാളി..

ചിലര്‍ക്ക്‌ മലയാളിയെന്നാല്‍ ഗൃഹാതുരത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത, സ്വന്തം വീടും നാടും വിട്ടുപോകാന്‍ മടിയില്ലാത്ത ഒരു ജനതതിയാണ്‌..അങ്ങനെയാണല്ലോ , നീല്‍ ആംസ്റ്റ്രോങ്ങിന്‌, ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍തന്നെ ശങ്കരന്‍നായരുടെ ചായക്കടയില്‍നിന്നും കട്ടന്‍ചായയും പരിപ്പുവടയും ചൂടോടെ കഴിയ്ക്കാന്‍ സാധിച്ചത്‌ !!!..ദോഷം പറയരുതല്ലോ..ആ 'പാരമ്പര്യം' ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയോടെ നിലനിര്‍ത്തിപ്പോരുന്നു എന്നത്‌ ഏതൊരു മലയാളിയേയാണ്‌ രോമാഞ്ചകഞ്ചുകമണിയിയ്ക്കാത്തത്‌!!!

അപ്പോള്‍ നമ്മളെവിടെയാണ്‌ നിര്‍ത്തിയത്‌?..ങാ..അതെ..ജീവിതത്തില്‍ ഒരിക്കലെങ്കിലും, മനസ്സുകൊണ്ടെങ്കിലും പുറത്തുപോകാന്‍ ആഗ്രഹിയ്ക്കാത്ത 'ഉള്‍നാടന്‍ മലയാളികള്‍'എത്രയുണ്ടാകും..തുലോം തുച്ഛം തന്നെ...വര്‍ഷങ്ങള്‍ കൂടുന്തോറും പടിഞ്ഞാട്ടുനോക്കികളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നതേയുള്ളൂ എന്നാണ്‌ സര്‍ക്കാരിന്റെ കണക്കുപുസ്തകം കാണിയ്ക്കുന്നത്‌...

അപ്പോള്‍ പ്രവാസം മലയാളിയ്ക്ക്‌ വിധിയ്ക്കപ്പെട്ടതാണെന്നു സാരം..ചിലര്‍ സ്വയമേ വരിയ്ക്കുന്നതാവാം..മറ്റുചിലര്‍ പ്രവാസത്തിലേയ്ക്ക്‌ വലിച്ചിഴയ്ക്കപ്പെട്ടതാവാം..അത്രയേയുള്ളൂ വ്യത്യാസം..

മലയാളിയും മനോരമയും...

ചിലര്‍ക്ക്‌ മലയാളിയെന്നാല്‍ മനോരമയാണ്‌..കേട്ടിട്ടില്ലേ..പ്രചുരപ്രചാരമായ ആ പരസ്യ വാചകം...
"മലയാളം - മലയാളി - മനോരമ...എവിടെ മലയാളിയുണ്ടോ അവിടെ മനോരമയുണ്ട്‌..."

അങ്ങനെ മലയാളിയുടെ അസ്തിത്വം ഇവര്‍ മനോരമയിലൂടെ കാണാന്‍ ശ്രമിയ്ക്കുന്നു....ഇക്കൂട്ടര്‍ വാദിയ്ക്കുന്നത്‌, മലയാള സാഹിത്യത്തിലെ 'തലതൊട്ടപ്പന്മാരായ' മുട്ടത്തു വര്‍ക്കി, കാനം, കോട്ടയം പുഷ്പനാഥ്‌ തുടങ്ങി പുത്തന്‍ തലമുറയിലെ സുധാകര്‍ മംഗളോദയം വരെയുള്ള 'മഹാരഥന്മാര്‍' അറിയപ്പെട്ടിരുന്നത്‌ മനോരമയില്‍ക്കൂടെയായിരുന്നു എന്നാണ്‌... ശ്ശോ....എന്താ അവിടെ ഒരു (പൈ)ങ്കിളിശബ്ദം എന്നു അയല്‍പ്പക്കത്ത്‌ (പാ)'ഇസം' ഉണ്ടാക്കുന്നവര്‍ മുറുമുറുക്കുന്നു.....

ഉത്സവവും കൊടിയേറ്റവും...

മലയാളിയും കൊടിയും തമ്മില്‍ പൊക്കിള്‍കൊടി 'ബന്ദം'- ക്ഷമിയ്ക്കണം - ബന്ധം പോലും ഉണ്ടെന്ന് ഇനിയൊരു കൂട്ടം വീറോടെ വാദിയ്ക്കുന്നു...മലയാളികളുള്ളിടത്ത്‌ ഒരു കൊടിപോലും കാണാന്‍ സാധിച്ചില്ലെങ്കില്‍ അതില്‍പ്പരം അപമാനം വേറെ വരാനില്ലെന്നും (പിന്നെ ആകെയുള്ള കൊടികള്‍ പെണ്‍കൊടിമാരാണ്‌- അവരെ ഇപ്പോള്‍ സ്പര്‍ശിയ്ക്കുന്നില്ല..) മറ്റുള്ളവര്‍ അവരെ മലയാളികളായി അംഗീകരിയ്ക്കില്ലെന്നും, ഇക്കൂട്ടര്‍ ആത്‌മാര്‍ത്‌ഥമായി വിശ്വസിയ്ക്കുന്നു....

എന്തുകൊണ്ടോ ഈ പ്രവണത മറുനാടന്‍ മലയാളികളേക്കാള്‍ ഉള്‍നാടന്‍ മലയാളികളിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌....മലയാളികളുടെ പൊതുവായ അസ്തിത്വ പ്രശ്നമായതുകൊണ്ട്‌, ഈ അന്തരത്തെപ്പറ്റി ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിയ്ക്കുന്നു...അല്ലെങ്കില്‍ കുഞ്ഞുണ്ണിമാഷുടെ കവിത

"ജനിയ്ക്കുംതൊട്ടെന്‍ മകന്‌ കൊടിപിടിയ്ക്കണം - അതിനാല്‍
ഭാര്യതന്‍ പേറങ്ങ്‌ നാട്ടില്‍ത്തന്നെയാക്കി ഞാന്‍ "

എന്ന് മറുനാട്ടിലെ മലയാളികള്‍ക്ക്‌ മാറ്റി പാടേണ്ടി വരും....

അപ്പോള്‍ അങ്ങനെ കൊടിയേറ്റം കഴിഞ്ഞു..ഇനിയൊ..ഉത്സവം തന്നെ...വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രം വരുന്ന ഉത്സവങ്ങള്‍ മിക്കവാറും എല്ലാ ജനതതിയ്ക്കുമുണ്ടാകും..അതിലെന്തു പ്രത്യേകത?..എല്ലാ മാസവും ഉത്സവമായാലോ? അതു ഭേഷ്‌..അതാവുമ്പോള്‍ അസ്തിത്വ പ്രശ്നത്തിനും പരിഹാരമാകും...അങ്ങനെയാണ്‌ ഉദ്യോഗസ്ഥരുടേയും കച്ചവടക്കാരുടേയും ഉത്സവമായ ബന്ദ്‌ എല്ലാ മാസവും മുടക്കം കൂടാതെ ആഘോഷിയ്ക്കാന്‍ തുടങ്ങിയത്‌..(ഈയടുത്തകാലത്താണ്‌ ബന്ദിനെ, ഹര്‍ത്താല്‍ അതിന്റെ മുഴുവന്‍ അര്‍ത്‌ഥത്തോടെ,അപ്പാടെ വിഴുങ്ങിക്കളഞ്ഞത്‌ !!!..)

ജൂദാസും മലയാളിയും..

മാതൃഭാഷയില്‍ സംസാരിച്ചാല്‍ ശിക്ഷിയ്ക്കപ്പെടുന്ന കുട്ടികളുണ്ടെന്ന 'ഖ്യാതി' ഒരു പക്ഷെ മലയാളികളുടെ മാതൃഭൂമിയായ കേരളത്തിന്‌ മാത്രം അവകാശപ്പെട്ടതായിരിയ്ക്കാം..മറ്റൊരു സമൂഹത്തിനും ഇത്ര ധൈര്യം ഉണ്ടായി എന്നു വരില്ല...അസ്തിത്വത്തിനൊരു മുതല്‍ക്കൂട്ട്‌ !!!കൂടാതെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ ചില ആചാരങ്ങളും ഇതോടനുബന്ധിച്ച്‌ ഇവിടത്തുകാര്‍ക്ക്‌ സ്വന്തം..!.വിദ്യാലയങ്ങളിലെ 'മൊട്ടയടി' തുടങ്ങിയവ..(തിരുപ്പതിയും പഴനിയും ഇനി എന്തു ചെയ്യും?!!)

സ്വന്തം ഭാഷയും സംസ്കാരവും മ്ലേച്ഛമായതാണെന്ന് അവരവരുടെ വരും തലമുറകളെ പഠിപ്പിയ്ക്കാന്‍ 'ഭാഗ്യ'മുള്ള വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നതുകൊണ്ട്‌, ഭാവിയില്‍ ജൂദാസിന്റെ സൗഹൃദവും പ്രതീക്ഷിയ്ക്കാവുന്നതാണ്‌...എന്നിട്ടുവേണം മുപ്പതു ചില്ലിക്കാശിനായി സ്വന്തം ഭാഷയേയും സംസ്കാരത്തെയും ഒറ്റുകൊടുത്ത്‌ മലയാളത്തെ കേരളത്തില്‍ നിന്നും നാടുകടത്താന്‍ ....

മലയാളി - 'മതവാദി'യും മിതവാദിയും .

ശരിയ്ക്കും, ആരാണീ മലയാളി?......വ്യവസ്ഥാപിത മതങ്ങളായ ഹിന്ദു,മുസ്ലീം,കൃസ്ത്യന്‍ എന്നിവയേക്കാളും ഒരുപടി മുകളില്‍, 'കേരളീയത' എന്ന മതത്തില്‍ മുറുകെ പിടിയ്ക്കുന്നവരാണ്‌ ശരാശരി മലയാളികളേറെയും. വിഘടനവാദത്തിന്റെ ഭീഷണിയുള്ള ഈ കാലഘട്ടത്തിലും ആ അസ്തിത്വം പേറുന്നവരുടെ എണ്ണം ഒരു വലിയ ശതമാനമാണ്‌ എന്നതാണ്‌ വാസ്തവം.അല്ലെങ്കില്‍ എത്രയോ മുമ്പുതന്നെ കേരളം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ വിളനിലമായി മാറിയേനെ..

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമായി വിവിത മതസ്ഥരുടെ ഇടകലര്‍ന്നുള്ള ആവാസവ്യവസ്ഥയും,കേരളത്തിലെ ഈ മതങ്ങളുടെ ആവിര്‍ഭാവകാലത്തെ ചരിത്രപരമായ സവിശേഷതകളാലും വന്നു ഭവിച്ച ഈ മതനിരപേക്ഷ മനോഭാവം കൊണ്ട്‌ മലയാളികളെ അത്ര എളുപ്പത്തില്‍ മതപരമായി ഭിന്നിപ്പിയ്ക്കാന്‍ കഴിയാതെ വരുന്നു എന്നതാണ്‌ ഈ അസ്തിത്വത്തിന്റെ കാതല്‍...

വികസനം + മലയാളി = 'വികലാളി'

അല്ലെങ്കിലും ഒരു ശരാശരി മലയാളിയ്ക്ക്‌ ഭൗതികമായ വികസനത്തില്‍ അത്ര താല്‍പ്പര്യമുണ്ടായിക്കൊള്ളണമെന്നില്ല...അവന്‌ ലോക രാഷ്ട്രങ്ങളിലെ പ്രതിസന്ധികളുടെ നൂലാമാലകള്‍ തരണം ചെയ്ത്‌ നാട്ടുകാര്യം നോക്കാനുള്ള 'സമയക്കുറവു' തന്നെ പ്രധാന കാരണം...റഷ്യ,ചൈന,പാലസ്തീന്‍,കുവൈത്ത്‌ തുടങ്ങിയ പ്രശ്നങ്ങള്‍ അവന്‍ 'ബുദ്ധിപൂര്‍വ്വം' ഇടപെട്ട്‌ ഒരുവിധം പരിഹരിച്ചതായിരുന്നു..അപ്പോഴാണ്‌ ഇറാഖ്‌ പ്രശ്നം വന്നത്‌..ഇപ്പോഴാണെങ്കില്‍ ഇറാഖില്‍നിന്നും ഒരുനിമിഷം വിട്ടുനില്‍ക്കാന്‍ വയ്യ എന്ന സ്ഥിതിയും..എന്താ ചെയ്യാ.. ഈ ആനക്കാര്യത്തിന്റെ ഇടയിലാണോ വികസനമെന്ന ചേനക്കാര്യം..

നമുക്ക്‌ ഉള്ളത്‌ പോകാതെ നൊക്ക്യാതന്നെ കേമായി..അല്ലെങ്കില്‍തന്നെ എന്തായി...ഒരു സോണ്‍ ചോദിച്ചപ്പൊ ഉള്ള ഡിവിഷന്റെ മുക്കാലും കൊണ്ടുപോയില്ലേ? മിണ്ടാതിരിയ്ക്യാ ഭേദം..!!! തമിഴനും മറാഠിയ്ക്കും ഗുജറാത്തിയ്ക്കും പഞ്ചാബിയ്ക്കും ഒക്കെ നമ്മുടെയത്ര ലോകവിവരമുണ്ടോ..ഈയിടെ ബംഗാളിയ്ക്കുപോലും വിവരം കുറയുന്നു എന്നാണിവര്‍ പറയുന്നത്‌.....മലയാളികളുടെ വികസന കാഴ്ച്ചപ്പാടുകള്‍ വികലമാകുന്നില്ലേ എന്ന് ശത്രുക്കള്‍ ആക്ഷേപിയ്ക്കുന്നു....പോകാന്‍ പറ അവറ്റകളോട്‌...വികസനം വന്നാല്‍ മലിനീകരണമുണ്ടാകും....അതുകൊണ്ട്‌ ദയവുചെയ്ത്‌ ഞങ്ങളെ മാറ്റാന്‍ ശ്രമിയ്ക്കരുതേ... "എന്നെ തല്ലരുത്‌ അമ്മാവാ,ഞാന്‍..........."

ഇപ്പോഴെന്തുതോന്നുന്നു? ഇതല്ലേ മലയാളിയുടെ ശരിയായ വ്യക്തിത്വം..

ഇനിയും ഇതുപോലെ ഒരുപാട്‌ സവിശേഷതകള്‍ മലയാളിയ്ക്കുണ്ട്‌. ഒരു പക്ഷേ ,ഈ സവിശേഷതകളാകാം അവനെ എവിടെപ്പോയാലും 'നാലുകാലില്‍' നില്‍ക്കാന്‍ പ്രാപ്തനാക്കുന്നത്‌....

December 28, 2006

ചില "സ്വ"കാര്യങ്ങള്‍ !!

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഒരു തിരിച്ചുപോക്കിന്‌ തയ്യാറെടുക്കുകയാണോ?..... മലയാളികളുടെ ഈ സ്വ(ന്തം)കാര്യങ്ങള്‍ ഒന്ന് ഉറക്കെ ചിന്തിച്ചോട്ടെ.

ഒരിയ്ക്കല്‍ ഭ്രാന്താലയമെന്ന് അധിക്ഷേപിച്ചിരുന്ന നാട്ടില്‍, സംസ്ഥാനരൂപീകരണത്തിനുശേഷം അന്‍പതുകളിലേയും അറുപതുകളിലേയും സര്‍ക്കാരുകളുടേയും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടേയും പ്രവര്‍ത്തനങ്ങളുടേയും ദീര്‍ഘവീക്ഷണത്തിന്റേയും ഫലമായി, വികസിത രാജ്യങ്ങള്‍ പോലും ആശ്ചര്യപ്പെടുന്ന വിധത്തില്‍ സാമൂഹ്യനിലവാര സൂചിക വര്‍ദ്ധിപ്പിച്ച്‌ ലോകരാജ്യങ്ങളെ അദ്ഭുതപ്പെടുത്താന്‍ സാധിച്ചു.പൊതുജനാരോഗ്യ രംഗത്താകട്ടെ, സാര്‍വ്വത്രിക വിദ്യാഭാസത്തിന്റെ കാര്യത്തിലാകട്ടെ, മലയാളി കരസ്ഥമാക്കിയ അഭിവൃദ്ധി മറ്റു സംസ്ഥാനങ്ങള്‍ മാതൃകായായിപ്പോലും സ്വീകരിച്ചു.......

എന്നാല്‍ പിന്നീട്‌ സംഭവിച്ചത്‌ (സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതും) എന്താണ്‌? മുന്നേറിയെന്ന് ധരിച്ചിരുന്ന പല രംഗങ്ങളിലും മലയാളിയുടെ മേല്‍ക്കോയ്മ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.. വിദ്യാഭാസ രംഗത്തായാലും - അല്ലെങ്കിലും നാം സാക്ഷരതെയായിരുന്നല്ലോ വിദ്യാഭ്യാസമായി മൊഴിമാറ്റി അവതരിപ്പിച്ചുകൊണ്ടിരുന്നത്‌-ആരോഗ്യ രംഗത്തായാലും നേടിയ മുന്‍കൈ നിലനിര്‍ത്തിക്കൊണ്ടുപോരുന്നതില്‍ നാം പിറകോട്ടുപോയി..അല്ലെങ്കില്‍ ആ രംഗങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ പാത പിന്‍തുടര്‍ന്ന് നമ്മളെ പിന്‍തള്ളി മുന്നിലെത്തിയിരിയ്ക്കുന്നു(എത്തിക്കൊണ്ടിരിയ്ക്കുന്നു)....അതുകൊണ്ട്‌ വളരെ പ്രകീര്‍ത്തിയ്ക്കപ്പെട്ട നമ്മുടെ ആ മാതൃകയ്ക്ക്‌ ഒരു വിചിന്തനം ആവശ്യമായി വന്നിരിയ്ക്കുന്ന കാലഘട്ടമാണ്‌ സംജാതമായിരിയ്ക്കുന്നത്‌....

ഐക്യരാഷ്ട്രസഭ പോലും പ്രശംസിച്ച ആ മാതൃകയുടെ മൂലഹേതു,അന്‍പത്തേഴിലെ, കേരളം ഇന്നേവരെ കണ്ട മികച്ച മന്ത്രിസഭയായ, ഈ.എം.എസ്‌ മന്ത്രിസഭയുടെ നേതൃത്വത്തില്‍ നടന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ദൂരവ്യാപകമായ ഫലങ്ങളാണ്‌. ഭൂപരിഷ്ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവുമടക്കം പല മേഖലകളിലും സംസ്ഥാനം ബഹുദൂരം മുന്നോട്ടുപോയി. എന്നാല്‍ കലക്രമേണ ഈ നേട്ടങ്ങള്‍ നേട്ടങ്ങളായിത്തന്നെ നിലനിര്‍ത്തി പുതിയ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ നമുക്കെവിടേയോ പാളിച്ച പറ്റി.അതില്‍ എടുത്തുപറയേണ്ടുന്ന ഒരു വസ്തുത, എഴുപതുകള്‍ക്കുശേഷം വന്ന സര്‍ക്കാരുകളുടെ പ്രതിഭാ ദാരിദ്ര്യവും വികലമായ പദ്ധതിയാസൂത്രണങ്ങളും ഇതില്‍ പ്രധാന പങ്കു വഹിച്ചു എന്നതാണ്‌.. ഭൂപരിഷ്ക്കരണം കൊണ്ട്‌ ഒരുപാട്‌ നേട്ടങ്ങളുണ്ടായെങ്കിലും കാര്‍ഷികവൃത്തിയ്ക്കുള്ള ഭൂമിയുടെ വിസ്തൃതി കുറഞ്ഞത്‌ ഉല്‍പ്പാദനമേഖലയെ സാരമായി ബാധിയ്ക്കുകയും അതിന്‌ പ്രതിവിധി കല്‍പ്പിയ്ക്കാന്‍ നമ്മുടെ ആസൂത്രണവിദഗ്ദ്ധര്‍ക്ക്‌ കഴിയാതെപോകുകയും ചെയ്തു..തീര്‍ത്തും കാര്‍ഷികവൃത്തിയെ ആശ്രയിച്ചിരുന്ന നമ്മുടെ സമ്പത്ത്‌ വ്യവസ്ഥയെ ഇത്‌ തകരാറിലാക്കി..പിന്നീട്‌ ഈ അവസ്ഥയില്‍നിന്നും കരകയറിയത്‌, മലയാളിയ്ക്ക്‌ വിദേശങ്ങളില്‍, പ്രത്യേകിച്ചും ഗള്‍ഫ്‌ മേഖലയില്‍ ലഭിച്ച അവസരങ്ങളിലൂടെയായിരുന്നു.അഥവാ അന്നത്തെ സാഹചര്യത്തില്‍ അവസരങ്ങള്‍ തേടിപ്പോകാന്‍ അവനെ നിര്‍ബന്ധിതനാക്കി....ഇന്നും നമ്മുടെ സമ്പത്ത്‌ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക്‌, പ്രവാസികള്‍ നാട്ടിലേയ്ക്കയയ്ക്കുന്ന പണത്തിനുണ്ടെന്നുള്ളതിന്‌ തെളിവാണല്ലോ "മണിയോര്‍ഡര്‍ എക്കോണമി" എന്ന് മറുദേശക്കാര്‍ നമ്മുടെ സമ്പത്‌ വ്യവസ്ഥയെ കളിയാക്കുന്നത്‌.....

ഇത്തരുണത്തില്‍, കേരളത്തെപ്പറ്റി ഒരു "ശദൗഭീ" വിശകലനം ( ശക്തി-ദൗര്‍ബല്യം-അവസരങ്ങള്‍-ഭീഷണി - SWOT Analysis ) നടത്തിനോക്കുന്നത്‌ ഉചിതമായിരിയ്ക്കുമെന്നു തോന്നുന്നു.........ഈ പദം ശബ്ദതാരാവലിയിലേയ്ക്ക്‌ ശുപാര്‍ശ ചെയ്യുന്നു...??????

ശക്തി:-
കേരളത്തെ സംബന്ധിച്ചിടത്തോളം ശക്തി എന്നു പറയാനായി പല ഘടകങ്ങള്‍ ഉണ്ട്‌..അവയില്‍ പ്രധാനമായവ:

* പ്രകൃതി കനിഞ്ഞനുഗ്രഹിച്ച , 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന വിശേഷണം അന്വര്‍ത്‌ഥമാക്കുന്ന, ഭൂപ്രദേശം..

* മലനാടുമുതല്‍ തീരപ്രദേശം വരെ ഒഴുകിയെത്തുന്ന 41 നദികളും പശ്ചിമഘട്ടത്തിന്റെ മറുപുറത്തേയ്ക്കൊഴുകിപ്പോകുന്ന മറ്റ്‌ 3 നദികളും അടക്കം 44 നദികളുടെ ( പലതും വണ്ണത്തില്‍ ശോഷിച്ചുപോയെങ്കിലും എണ്ണത്തില്‍ കുറവു വന്നിട്ടില്ല..) സമ്പന്നമായ തടപ്രദേശങ്ങള്‍.

* ഉയര്‍ന്ന സാക്ഷരതാ ശതമാനവും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാര സൂചികയും..

* മാനവവിഭവശേഷിയുടെ ആവശ്യാനുസൃതമായ ലഭ്യത..

* ഒരു കോടിയോളം വരുന്ന, മറുനാട്ടിലേയും വിദേശത്തേയും അടക്കമുള്ള പ്രവാസി മലയാളികളുടെ, സ്വദേശത്തോടുള്ള മാനസികമായ അഭിനിവേശവും സാമ്പത്തികമായ പിന്തുണയും..

ഈ പട്ടിക അങ്ങനെ നീണ്ടുപോകുന്നു....

ഈ ശക്തികളെ കണ്ടറിഞ്ഞ്‌ അവയ്ക്കനുയോജ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നാം ഇനിയും ഒരുപാട്‌ മുന്നോട്ടുപോകേണ്ടിയിരിയ്ക്കുന്നു...

ദൗര്‍ബല്യം:-

* അടിസ്ഥാനസൗകര്യങ്ങളുടെ,പ്രത്യേകിച്ച്‌ റോഡ്‌,റെയില്‍ ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും ഉള്ളവയുടെ ശോചനീയാവസ്ഥയും......

ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നു പറഞ്ഞപോലെ, ആ ഇടുങ്ങിയ റോഡുകള്‍ കണ്ടാലറിയാം നമ്മുടെ മാനസികാവസ്ഥയും എന്നാണ്‌ ഇപ്പോഴത്തെ സ്ഥിതി...കുറച്ചു നാള്‍ മുമ്പുവരെ എക്സ്പ്രസ്സ്‌ പാതയെന്നും പിന്നീട്‌ തെക്കു വടക്കു പാതയെന്നും ഒക്കെ കേട്ടിരുന്നു...ഇപ്പോള്‍ എല്ലാം ശാന്തം!!ചുരുങ്ങിയത്‌ , ഇപ്പോഴുള്ള ദേശീയ പാതകള്‍ നാലുവരിയാക്കുകയും എല്ലാ താലൂക്കാസ്ഥാനങ്ങളേയും ബന്ധിപ്പിച്ച്‌ നേര്‍പാതകളുടെ ഒരു ശൃംഖലയ്ക്കായി ശ്രമിയ്ക്കുകയും ചെയ്താല്‍ കേരളം മൊത്തത്തില്‍ ഒരു മഹാനഗരമായിക്കാണാവുന്ന സ്ഥിതിവിശേഷം സംജാതമാകുകയും വികേന്ദ്രീകൃതമായ വികസനം പ്രാവര്‍ത്തികമാക്കുകയും ചെയ്യാം....

എന്നാലിപ്പോള്‍ നമ്മള്‍ ചെയ്യുന്നതോ നേരെ തിരിച്ചും..അടുത്തുതന്നെ രണ്ടോ മൂന്നോ വിമാനത്താവളങ്ങള്‍കൂടിയുണ്ടായേയ്ക്കാം..ഫലമോ ഗള്‍ഫില്‍ നിന്നും കേരളത്തിലെത്താന്‍ രണ്ടു മണിക്കൂര്‍.പക്ഷേ അവിടെനിന്നും വീട്ടിലെത്താന്‍ മൂന്നു മണിക്കൂര്‍ !!( നമ്മുടെ സൗഭാഗ്യത്തിന്‌ വല്ല ഉത്സവദിവസങ്ങളിലാണ്‌-ബന്ദ്‌ തുടങ്ങിയ- വന്നെത്തിയതെങ്കില്‍ പിന്നെ 24 മണിക്കൂര്‍ അല്ലെങ്കില്‍ 48 മണിക്കൂര്‍ ..കാരണം അന്ന് ഈച്ച പോലും യാത്ര ചെയ്യാറില്ലല്ലോ..)

* മാനസികമായ അടിമത്തം:-

കാക്കയ്ക്കുപോലും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞാണെന്നിരിയ്ക്കെ,എന്തുകൊണ്ടോ മലയാളിയ്ക്ക്‌ അവന്റെ ഭാഷയോടും സംസ്കാരത്തോടും പണ്ടുമുതലേ ഒരവജ്ഞ..ഒരുപക്ഷെ അത്‌ ഇപ്പോഴും തുടര്‍ന്നുവരുന്ന, മെക്കാളെ പ്രഭുവിന്റെ വികലമായ വിദ്യാഭ്യാസരീതിയുടെ പ്രശ്നമാകാം...അത്‌ മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകണമെന്നില്ല..ഇന്നത്തെ ചുറ്റുപാടില്‍ വളര്‍ന്നുവരുന്ന ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ മലയാള ഭാഷയേയും സംസ്കാരത്തേയും പറ്റിയുള്ള ആ മ്ലേച്ഛമായ ധാരണ തന്നെ ധാരാളം..

അതു മാറി,ആഗോളഭാഷയായ ഇംഗ്ലീഷിനൊപ്പം മാതൃഭാഷയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നല്‍കി,നാലാം തരം വരെ മാദ്ധ്യമം മാതൃഭാഷയായി നിജപ്പെടുത്തുകയും ഒന്നാം തരം മുതല്‍ ഇംഗ്ലീഷ്‌ പഠനം തുടങ്ങിയും, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തില്‍ ട്രേഡ്‌ പരിശീലനം നിര്‍ബ്ബന്ധമാക്കിയും വിദ്യാഭ്യാസ രംഗത്ത്‌ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍, സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തുവരുന്ന ഒരു കുട്ടിയ്ക്കും ജീവിതത്തിനുമുമ്പില്‍ പകച്ചു നില്‍ക്കേണ്ടിവരില്ല..മാത്രമല്ല അത്‌ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കൊരു പരിഹാരമാകുകയും ചെയ്യും..ചിലപ്പോള്‍ ഒരു പുതിയ തൊഴില്‍ സംസ്കാരത്തിനുതന്നെ അടിത്തറയാകാനും മതി..കാരണം ഇപ്പോഴും നമ്മള്‍ മിക്കവാറും പേരും മറ്റുള്ളവര്‍ക്കു കീഴില്‍ പണിയെടുക്കാനാണല്ലൊ ഇഷ്ടപ്പെടുന്നത്‌. അതുകൊണ്ടുതന്നെ,പഞ്ചാബിയും തമിഴനും ഗുജറാത്തിയും സിന്ധിയും ഒക്കെ അവരുടെ വ്യാവസായിക സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയപ്പോള്‍ നമ്മള്‍ ഇപ്പോഴും പുറം നാടുകളില്‍ നല്ല അനുസരണയുള്ള ജോലിക്കാരായി സംതൃപ്തിപ്പെടുന്നു.....അവിടവിടെയായി ഏതാനും ചില മലയാളി സംരംഭകര്‍ ഇല്ലെന്നല്ല.....

* മാറ്റങ്ങളോടുള്ള എതിര്‍പ്പ്‌:-

ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മാറ്റങ്ങള്‍ക്ക്‌ വിധേയമാണെന്നും, മാറ്റാന്‍ പറ്റാത്തതായി ഈ ഭൂമുഖത്ത്‌ ഒന്നും തന്നെയില്ല എന്നും അടിവരയിടുന്ന മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ക്ക്‌ വളക്കൂറുള്ള മണ്ണായ കേരളത്തിലാണ്‌ മാറ്റങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പനുഭവപ്പെടുന്നത്‌ എന്നത്‌ തികച്ചും വിരോധാഭാസമായി തോന്നിയേക്കാം--ഇക്കാര്യത്തില്‍ കക്ഷിഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടാണ്‌.എതിര്‍പ്പ്‌ പ്രതിപക്ഷത്താകുമ്പോഴാണ്‌ എന്ന വ്യത്യാസം മാത്രം.....

ഇതിലേയ്ക്കേറെ സംഭാവന ചെയ്യാനുള്ളത് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ്. എന്നവര്‍ അവരുടെ പ്രവര്‍ത്തന മേഖല, പ്രചുര പ്രചാരം സിദ്ധിച്ച സോഷ്യലിസ്റ്റ് ആശയത്തിലധിഷ്ഠിതമായി, ആഴത്തില്‍ വേരൂന്നിയ ഭാരതീയ സാംസ്കാരിക ദര്‍ശനങ്ങളുടെ കാഴ്ചപ്പാടില്‍ ചിട്ടപ്പെടുത്തി മുന്നോട്ടു പോകുന്നുവോ അന്നായിരിയ്ക്കും കേരളത്തിന്റെ ശരിയായ ദിശയിലുള്ള വികസനം സാദ്ധ്യമാകുന്നത്.

* ദുരഭിമാനം:-

എല്ലാം അറിയുന്നവന്‍ ഞാന്‍ - എന്ന രീതിയിലുള്ള പെരുമാറ്റം, പ്രത്യേകിച്ച്‌ അന്യ നാട്ടുകാരോടും ദേശക്കാരോടും.... ഇത്തരം ദുരഭിമാനവും , നമ്മുടെ മുഖമുദ്രയായി മാറിക്കൊണ്ടിരിയ്ക്കുന്ന പുച്ഛവും ഇവയുടെ ഉപോല്‍പ്പന്നമായ മൂല്യച്യുതിയും ചേര്‍ന്നാല്‍ പിന്നെ ചേരുംപടി ചേര്‍ന്നപോലെയായി.... പിന്നീടുള്ള അവസ്ഥയോ? ഒരടി മുന്നോട്ട്‌ രണ്ടടി പിന്നോട്ട്‌ !!!!!...

നാം അക്ഷരംപ്രതി അനുസരിയ്ക്കുന്ന ഒരു ചൊല്ലുണ്ട്‌..കാണം വിറ്റും ഓണം ഉണ്ണണം എന്നത്‌....ചെറിയ മാറ്റങ്ങളോടെയാണെങ്കിലും അത്‌ ആത്‌മാര്‍ത്‌ഥതയോടെ പിന്തുടരുന്നു. അതെ.... നാം കൃഷിയിടം വിറ്റ്‌ വീടുവെയ്ക്കുന്നു ...വീട്‌ വിറ്റ്‌ മക്കളെ കെട്ടിയ്ക്കുന്നു.... കെട്ടിച്ചുവിട്ട മക്കളോ, വഴിയാധാരമായ ഇവരെ ശരണാലയത്തിലെത്തിയ്ക്കുന്നു. അങ്ങനെ അവരുടെ ജീവിത ചക്രത്തിന്‌ ശുഭപര്യവസാനം !!!

നമ്മുടെ അയല്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രയോ ഭേദമെന്ന് തോന്നുന്നു..വടക്കേ ഇന്ത്യക്കാരും..കുടുംബബന്ധങ്ങള്‍ക്ക്‌ ഇപ്പോഴും ദൃഡതയും ഊഷ്മളതയും കാത്തുസൂക്ഷിയ്ക്കുന്നു.

മനസ്സിന്‌ കെട്ടുറപ്പ്‌ വരേണ്ടത്‌ കുടുംബത്തില്‍നിന്ന്. കുടുംബത്തിനോ? നാട്ടില്‍നിന്നും. നാടിന്റെ കെട്ടുറപ്പ്‌ ആ ദേശത്തിന്റെ സംസ്കാരത്തില്‍നിന്നും പൈതൃകത്തില്‍ നിന്നും....അപ്പോള്‍ നാം തിരിച്ചും അവിടെനിന്നും തുടങ്ങേണ്ടിയിരിയ്ക്കുന്നു....

അവസരങ്ങള്‍:-

അനന്തമായ സാദ്ധ്യതകളും അവസരങ്ങളുമാണ്‌ മലയാളിയ്ക്കുമുന്നില്‍ തുറന്നുവന്നിരിയ്ക്കുന്നത്‌.പ്രത്യേകിച്ചും തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ ലോകം മുഴുവനും ആഗോളവല്‍ക്കരണത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുമ്പോള്‍. വികസിത രാജ്യങ്ങളേക്കാളുപരി വികസ്വര രാജ്യങ്ങള്‍ക്കാണ്‌ അതിന്റെ ഫലങ്ങള്‍ കൂടുതലും (നല്ലതും കെട്ടതും)അനുഭവിയ്ക്കേണ്ടിവരുന്നത്‌.

അതെ. ഇത്‌ മാറ്റത്തിന്റെ വസന്തകാലമാണ്‌. എല്ലാ മേഖലകളിലും പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുന്നു. അതിന്റെ നല്ല വശങ്ങളെ സ്വായത്തമാക്കി ദൂഷ്യവശങ്ങളെ തന്റേടത്തോടെ തിരസ്ക്കരിയ്ക്കാനുള്ള ആര്‍ജ്ജവം കാണിയ്ക്കുന്ന രാജ്യങ്ങള്‍ അതിവേഗം മുന്നേറിക്കൊണ്ടിരിയ്ക്കുന്നു. ഭാരതം അതില്‍ പൂര്‍ണ്ണമായും വിജയിച്ചുവോ എന്നത്‌ ഇപ്പോഴും തര്‍ക്കവിഷയമാണെങ്കിലും വിവരസാങ്കേതികമേഖലയിലും തുടര്‍ന്ന് ഇപ്പോള്‍ ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകളിലും സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന അതിവേഗപാതയിലുള്ള വികസനപദ്ധതികള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്‌ , അന്തര്‍ദ്ദേശീയ തലത്തില്‍ നാം ചൈനയുടെ തൊട്ടുപിന്നില്‍ത്തന്നെയുണ്ടെന്നാണ്‌.. പക്ഷെ, ഈ രണ്ടു മേഖലകളിലും ചൈന കൈവരിച്ച നേട്ടം അമ്പരപ്പിയ്ക്കുന്നതാണ്‌, ഭാഷയുടേയും സ്കില്ലിന്റേയും പരിമിതി ഉണ്ടായിരുന്നിട്ടുകൂടി..

കേരളത്തോളം വലിപ്പമുള്ള ഒരു കൊച്ചു രാജ്യമായ തായ്‌ലാണ്ടിന്റെ ഓട്ടോ കോമ്പൊണന്റ്‌ കയറ്റുമതി 3 ബില്ല്യണ്‍ ഡോളറായിരുന്നപ്പോള്‍ ഇന്ത്യയുടെ ഈ രംഗത്തുള്ള മൊത്തം കയറ്റുമതി വെറും ഒരു ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു , രണ്ടുവര്‍ഷം മുമ്പുവരെ...ഇതില്‍ നിന്നുതന്നെ മുന്നിലുള്ള അവസരങ്ങള്‍ എത്രയാണെന്നു മനസ്സിലാക്കാം, പ്രത്യേകിച്ചും ലോകത്തെ പ്രധാനപ്പെട്ട മിക്കവാറും എല്ലാ വാഹനനിര്‍മ്മാതാക്കളും കോമ്പൊണെന്റ്‌ സോഴ്‌സിങ്ങിനായി ഇന്ത്യയെ ആശ്രയിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്ന ഈ സന്ദര്‍ഭത്തില്‍...

ഭാരതത്തിന്റെ പൊതുവെയുള്ള സ്ഥിതി ഇതാണെങ്കില്‍ കേരളത്തിന്റെ സ്ഥിതിയോ?... ഇപ്പോള്‍ പരിതാപകരം എന്നല്ലാതെ എന്തു പറയാന്‍? ...കെല്‍ട്രോണിലൂടെയും ടെക്നോപാര്‍ക്കിലൂടെയും നാം മറ്റുള്ളവര്‍ക്ക്‌ മാതൃകയായി. പിന്നീടോ, മറ്റുള്ളവര്‍ നമ്മളെ ബഹുദൂരം പിന്നിലാക്കിക്കളഞ്ഞു. ഈയിടെയായി ചെറിയ മാറ്റങ്ങള്‍ കാണുന്നു എന്നുള്ളതാണ്‌ ഒരു വെള്ളിരേഖയായി അനുഭവപ്പെടുന്നത്‌.

നമ്മളും കാലക്രമേണ ഇസങ്ങളുടെ താത്വികമായ ചട്ടക്കൂട്ടില്‍നിന്നും പ്രായോഗികതയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളെപ്പറ്റി ചിന്തിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നുവോ?...വലിയ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ ഭൂമിലഭ്യതയില്‍ പരിമിതിയുള്ള കേരളത്തിന്‌ അനുയോജ്യമായിട്ടുള്ളത്‌ വിവരസാങ്കേതികതയും ഇലക്ട്രോണിക്സും സേവനമേഖലയും ആയതിനാല്‍, എല്ലാ ഗ്രാമങ്ങളേയും ബന്ധിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ സംവിധാനം വരുമ്പോഴാണ്‌ ഉദ്ദേശിച്ച ഫലം സാദ്ധ്യമാകുന്നത്‌....

പിന്നെയുള്ളത്‌ വിനോദസഞ്ചാരമേഖലയാണ്‌...പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മലഞ്ചെരിവുകളും പച്ചപ്പു ഇനിയും നശിച്ചിട്ടില്ലാത്ത പാടശേഖരങ്ങളും തോടും പുഴയും കായലുകളുടെ മാസ്മരശക്തിയും സര്‍വ്വോപരി, ചൈന കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ്‌ ഭരണം നടക്കുന്ന ഏതാനും സ്ഥലങ്ങളില്‍ ഒന്നായ കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട്‌"ആയി ആഗോളതലത്തില്‍ അവതരിപ്പിച്ച്‌ അംഗീകരിപ്പിയ്ക്കാനുള്ള നമ്മുടെ വിപണന ചാതുര്യവും ഒത്തുചേര്‍ന്നപ്പോള്‍ , സഞ്ചാരികള്‍ അവശ്യം കണ്ടിരിയ്ക്കേണ്ട ലോകത്തെ പത്തു പ്രദേശങ്ങളില്‍ ഒന്നായി നമ്മുടെ കൊച്ചുകേരളം മാറിക്കൊണ്ടിരിയ്ക്കുന്നു എന്നതുതന്നെ ഈ രംഗത്ത്‌ നാം കൈവരിച്ചുകൊണ്ടിരിയ്ക്കുന്ന പുരോഗതിയുടെ ദൃഷ്ടാന്തമാണ്‌. അതുകൊണ്ടുതന്നെ ഇനിയുള്ള കാലങ്ങളില്‍ അനന്തമായ സാദ്ധ്യതകളാണ്‌ ഈ രംഗത്ത്‌ കേരളത്തെ തേടിയെത്താന്‍ പോകുന്നത്‌..

ഇവിടേയും ആവശ്യമായിട്ടുള്ളത്‌, വികസനത്തിന്റെ ഉപോല്‍പ്പന്നമായ മൂല്യച്യുതിയുടെ കടന്നുകയറ്റത്തെ ചെറുക്കുകയെന്നുള്ളതാണ്‌...ആ മേഖലയിലാണ്‌ ഇടതുപക്ഷത്തിന്റെ ആത്‌മാര്‍ത്‌ഥമായ ഇടപെടല്‍ ആവശ്യമായിട്ടുള്ളത്‌..

ഭീഷണികള്‍:-

ഈ അവസരങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ തരണം ചെയ്യേണ്ട ഭീഷണികള്‍ പലതരത്തിലുള്ളതായിരിയ്ക്കും...പ്രധാനമായും സാമ്പത്തികം ഒരു പ്രതിബന്ധമായിരിയ്ക്കാം..എങ്കിലും അതിലുപരി ഭൂരിപക്ഷം മലയാളികളുടെ, എന്തിനേയും സംശയത്തോടെ മാത്രം വീക്ഷിയ്ക്കാന്‍ ശീലിച്ചിട്ടുള്ള മനസ്സും ഒരു പ്രധാന കടമ്പ തന്നെ...

ഇത്‌ തരണം ചെയ്യാന്‍ വേണ്ടത്‌ , കേരളത്തെപ്പറ്റി ചിന്തിയ്ക്കുന്ന , കേരളീയതയിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന ഒരു രാഷ്ട്രീയനേതൃത്വത്തിനുണ്ടായിരിയ്ക്കേണ്ട ഇച്ഛാശക്തിയാണ്‌. ഇതുണ്ടായാല്‍ മറ്റു ഭൗതിക സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന ഭീഷണികളെയെല്ലാം അനായാസം തരണം ചെയ്യാം എന്ന് ഉറപ്പിയ്ക്കാം. കാരണം വളരെ വ്യക്തമായി ഈയിടെ നമ്മുടെ ആദരണീയനായ രാഷ്ട്രപതി പറയുകയുണ്ടായി...."നിങ്ങള്‍ക്ക്‌ വിലമതിയ്ക്കാനാവാത്ത ഭൂപ്രദേശങ്ങളും പ്രകൃതിസ്രോതസ്സുകളും കാര്യശേഷിയുള്ളവരും പ്രബുദ്ധരുമായ ഒരു ജനതതിയുമുള്ളപ്പോള്‍, വികസിത സംസ്ഥാനമാകാന്‍ ഇനി വേറെയെന്തു വേണം"എന്ന്‌...

അതെ...എവിടെപ്പോയാലും "രണ്ടായാല്‍ ഒന്നാകുകയും മൂന്നായാല്‍ രണ്ടാകുകയും " ചെയ്തുകൊണ്ട്‌ ഗണിതശാസ്ത്രത്തിന്റെ പ്രോഗ്രെഷന്‍ സിദ്ധാന്തത്തിന്‌ മുതല്‍ക്കൂട്ടായി മുന്നേറിക്കൊണ്ടിരിയ്ക്കുന്ന നമുക്ക്‌(സംഘടനാതലത്തിലെങ്കിലും) പുതിയൊരു സിദ്ധാന്തം കണ്ടുപിടിയ്ക്കേണ്ട സമയമായിരിയ്ക്കുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ അതു തന്നെയായിരിയ്ക്കാം നമ്മുടെ ശക്തിയും, മറ്റുള്ളവരില്‍നിന്നും നമ്മെ വേര്‍തിരിച്ചുനിര്‍ത്തുന്നതും........ഈ പുതുവര്‍ഷാരംഭത്തില്‍ ഇത്തരം ചിന്തകള്‍ക്ക്‌ പ്രസക്തിയുണ്ടാകും എന്ന ശുഭാപ്തിവിശ്വാസത്തോടെ...........

എല്ലാവര്‍ക്കും നവവല്‍സരാശംസകള്‍!!!!!!!!!!!!

December 09, 2006

ബ്ലോഗര്‍ ചരിതം - ഒന്നാം ഭാഗം

ബ്ലോഗന്മാരേ ബ്ലോഗിനിമാരേ -ഈ
ബൂലോഗത്തിലെ 'ബുജി'യന്മാരേ

നീണ്ടു നിവര്‍ന്നു തൊഴുന്നേന്‍ -നിങ്ങടെ
ഫ്യൂസുകളൂരി ചാഞ്ഞുതൊഴുന്നേന്‍!!

എന്നാലിനിയീ കഥയുര ചെയ്യാം
ബ്ലോഗുലകത്തെ ഭീമന്മാരുടെ

കഥയാകുമ്പോള്‍ എന്തും പറയാം
വ്യഥയായ്‌ മാത്രമെടുത്തീടല്ലേ..

പതമില്ലാതെ പറഞ്ഞെന്നാലും
ഗദകൊണ്ടുത്തരമരുതേ അരുതേ !!

വര്‍ഷം രണ്ടോ മൂന്നു കഴിഞ്ഞു
മലയാളത്തില്‍ ബ്ലോഗു തുടങ്ങി.

ആശാന്മാരും ആശാട്ടികളും
രംഗം വാണു തമര്‍ത്തീടുന്നു...

പലരും പലവിധ പോസ്റ്റിനു പിറകേ
ഒന്നിനു പിറകേ ഒന്നൊന്നായി

ഓടിച്ചാടി നടക്കുമ്പോഴത
മുന്നില്‍ച്ചാടും 'കുറുക്കി'നൊരെണ്ണം...

'വായില്‍ വന്നത്‌ കോതയ്ക്ക്‌ പാട്ടെ'
ന്നറിയാതെങ്ങാന്‍ ഉരിയാടീകില്

‍പിന്നത്തെക്കഥ പറയ്‌വേ വേണ്ട
അന്നത്തേയ്ക്കിനി ഒന്നും വേണ്ട.!!

ചിലരെങ്ങാനും ആവേശത്താല്‍
'കവിത'യുമായ്‌ വന്നെന്നാകില്‍

ആരാച്ചാര്‍മാര്‍ പായും പിറകെ
'വാരഫല'ത്തിന്‍ പ്രേതവുമായി..

ചിലരാണെങ്കില്‍ തൊട്ടും തടവിയും
ഇനിയും ചിലരോ കൂമ്പ്‌ തകര്‍ത്തും!!..

ബൂലോഗത്തില്‍ ഉണ്ടൊരു ചേച്ചി
എല്ലാവര്‍ക്കും തണലായ്‌ ചേച്ചി

ചേച്ചിയ്ക്കാണേല്‍ പറയാനുള്ളത്‌
ആദ്യത്തേതിന്‌ നന്ദി നന്ദി...

അയല്‍പ്പക്കത്തെ ശ്രീമാന്‍ ഈയിടെ
'പ്രണയ'ത്തിന്‍ കവിതകളെഴുതി

പിന്മൊഴിയോ ഒരു 'ശത'മായി
പ്രണയമൊഴി പിന്നിലുമായി....

ചിലരാണെങ്കില്‍ 'കമ്മോണത്തെ'
തറവാട്ടിന്‍ മഹിമയുമായി

പോസ്റ്റായ പോസ്റ്റില്‍ എല്ലാം
പ്രതിഷേധ ക്കൊടികള്‍ കുത്തും...

.ഇനിയും ചിലര്‍ 'മനുഷ്യനെ മയക്കും
കറുപ്പെ'ന്നു വ്യവക്ഷിച്ചതുമായ്‌

ചുക്കായും 'ഇഞ്ചി'യുമായി
സായൂധ പ്പോരിനിറങ്ങും....

അതാ വരുന്നു മറ്റൊരു കൂട്ടര്‍
'അടച്ചുപൂട്ടും' ഭീഷണിയായി

'ഇടിവാളാ'യ്‌ വന്നവര്‍ ചിലരിന്
‍താക്കോലോ പുഴവെള്ളത്തില്‍....

ഏറനാടന്‍ മണ്ണിന്‍ 'ബോയിംഗ്‌'-
ഏറുപടക്കം എര്‍ത്തായിപ്പോയ്‌

പിന്നൊരു കുട്ടനിന്‍ കുട്ടി പ്രേമം
വയസ്സിന്‍പേരില്‍ ചീറ്റിപ്പോയി...

പാവം ചിലര്‍ മാവേലിയ്ക്കും
അയിത്തത്തിന്‍ കുപ്പായമിടും

അവസാനം മലയാളിയ്ക്കോ
ആരാധ്യന്മാര്‍ ഇല്ലെന്നാവും...

എന്നാലുണ്ട്‌ മറ്റൊരു കൂട്ടം
സംയമനത്തിന്‍ അമരക്കാരിവര്‍

ആവശ്യത്തിന്‌ ചാടിയിറങ്ങും
'പിന്നേം ശങ്കരന്‍ തെങ്ങില്‍ത്തന്നെ'...

ഇനിയുള്ളത്‌ 'ടെക്നോ പുലികള്‍'
പിന്നെക്കുറെ മാഷന്മാരും

കവിതകളില്‍ കയ്യൊപ്പുവുമായ്‌'
'പാഞ്ചാലി' , 'മഹേശ്വരി'മാരും...

......................................................
സഹൃദയരാം ബ്ലോഗന്മാരേ
ഇക്കഥ ഇവിടെ നിറുത്തിക്കോട്ടെ

ഇനിയൊരു ചാന്‍സ്‌ ലഭിയ്ക്കെന്നാകില്
‍വിട്ടവരെ അന്നു 'വധി'യ്ക്കാം.......
--------------------------------------
നാരായണ ജയ നാരായണ ജയ
അച്ചായന്‍ ജയജയ അഗ്രജന്‍ ജയജയ

ആസുരന്‍ ജയജയ അനംഗാരി ജയജയ
വിട്ടോര്‍ക്കും ജയജയ പെട്ടോര്‍ക്കും ജയജയ..

സൗഹൃദം ജയജയ ബൂലോഗം ജയജയ
മലയാളം ജയജയ എല്ലാര്‍ക്കും ജയജയ........................

December 04, 2006

അന്തര്‍ദ്ദേശീയ റൊബോട്ടിക്സിലെ മലയാളി സാന്നിദ്ധ്യം

റൊബോട്ടുകളെ ഏറെ സ്നേഹിയ്ക്കുന്ന ഈ മലയാളി "ഡോക്ടറെ" നിങ്ങള്‍ക്കറിയാമോ?...ഡോ:പ്രഹ്ലാദ്‌ വടക്കേപ്പാട്ടിനെ...

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സിംഗപ്പൂരില്‍ അസി:പ്രൊഫസ്സറായ ഡോ:പ്രഹ്ലാദ്‌, റൊബോട്ടിക്‌ രംഗത്തും മറ്റു അനുബന്ധ മേഖലകളിലും പ്രവീണ്യം തെളിയിച്ച വ്യക്തിയാണ്‌.അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഹ്യുമനോയിഡ്‌ റൊബോട്ടുകള്‍, "മനുസ്‌" , ഫിറ (ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റൊബോട്ട്‌ സോക്കര്‍ അസ്സോസിയേഷന്‍)യുടെ കഴിഞ്ഞ മൂന്നു വേള്‍ഡ്‌കപ്പുകളിലും സിംഗപ്പൂര്‍ റൊബോട്ടിക്‌ ഗെയിംസ്‌ തുടങ്ങിയ അന്താരാഷ്ട്ര മല്‍സരങ്ങളിലും തുടര്‍ച്ചയായി നിരവധി സമ്മാനങ്ങള്‍ക്കര്‍ഹമായിട്ടുണ്ട്‌. ഡിസ്ട്രിബൂട്ടഡ്‌ റൊബോട്ടിക്‌ സിസ്റ്റംസ്‌,ഡി.എന്‍.എ.കമ്പ്യൂട്ടിംഗ്‌,ന്യൂറൊ-ഫസ്സി കണ്‍ട്രോളേര്‍സ്‌,ഇന്റെലിജെന്റ്‌ കണ്‍ട്രോള്‍ ടെക്‌നിക്‌ തുടങ്ങിയ മേഖലകളില്‍ ഗവേഷണതല്‍പ്പരനായ ഡോ:പ്രഹ്ലാദ്‌, ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ്‌ ഹ്യുമനോയിഡ്‌ റൊബോട്ടിക്സിന്റെ അസ്സോസിയേറ്റ്‌ എഡിറ്റര്‍ കൂടിയാണ്‌..

ഗള്‍ഫ്‌ ന്യൂസിലും കൊറിയന്‍,ചൈനീസ്‌ വാര്‍ത്താമാദ്ധ്യമങ്ങളിലും പരാമര്‍ശമുണ്ടായിരുന്ന ഇദ്ദേഹത്തെപ്പറ്റി ഈയിടെ മാതൃഭൂമിയിലും മനോരമയിലും ലേഖനങ്ങള്‍ വന്നിരുന്നു.ഏഷ്യാനെറ്റ്‌ സുപ്രഭാതം പരിപാടിയിലെ ഒരഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചത്‌, റൊബോട്ടുകളും മനുഷ്യരും സമരസപ്പെട്ട്‌ പ്രവര്‍ത്തിയ്ക്കുന്ന ഒരുകാലം അനധിവിദൂരഭാവിയില്‍ത്തന്നെ ഉണ്ടാവുമെന്നാണ്‌....

പാലക്കാട്‌ ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിയായ ഡോ:വടക്കേപ്പാട്ട്‌,മംഗലാംകുന്ന് കാട്ടുകുളം ഹൈസ്ക്കൂളില്‍ നിന്നാണ്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌.കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും,രണ്ടാം റാങ്കോടെ എഞ്ചിനിയറിംഗ്‌ ബിരുദവും ചെന്നൈ ഐ.ഐ.ടി.യില്‍നിന്നും എം.ടെക്‌-ഉം ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം, ഭാര്യയും മകനുമൊത്ത്‌ സിംഗപ്പൂരില്‍ സ്ഥിരതാമസമാണ്‌...വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉതകുന്ന ഇത്തരം റൊബോട്ടുകളുടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം നടത്തുന്ന ,"റൊബാട്ട" എന്ന കമ്പനിയുടെ സാരഥി കൂടിയാണ്‌, ഡോ:പ്രഹ്ലാദ്‌.


---(കൂടുതല്‍ വിവരങ്ങള്‍ക്കായി വലതു വശത്തെ ശൃംഖലയിലുള്ള, അദ്ദേഹത്തിന്റെ സൈറ്റില്‍ അമര്‍ത്തുക..)