October 31, 2006

ഒരു പാവം പരോപകാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍....

എണ്‍പതുകളില്‍ തന്നെ അങ്ങാടിപ്പുറത്തിന്‌ നാഗരികതയുടെ പ്രൗഢി കൈവരാന്‍ തുടങ്ങിയിരുന്നു.കോഴിക്കോട്‌ പാതയിലെ തിരക്കും ഷൊര്‍ണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള തീവണ്ടിയുടെ ആര്‍പ്പുമെല്ലാം ഗ്രാമീണരായ തദ്ദേശവാസികളുടെ മനസ്സിലേയ്ക്കു അവസരങ്ങള്‍ മാത്രമല്ല അനുഭവങ്ങളും എത്തിച്ചുകൊണ്ടിരുന്നു.രണ്ടു മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും , ഒരു സിനിമാശാലയും തട്ടകത്തിലമ്മയായ തിരുമാന്ധാംകുന്നു ഭഗവതിയുടെ ക്ഷേത്രമടക്കം കുറച്ചു ആരാധനാലയങ്ങളും ചേര്‍ന്നാല്‍ അങ്ങാടിപ്പുറത്തിന്റെ ചിത്രം പൂര്‍ത്തിയായി.

അവിടേയ്ക്കാണ്‌, ഇവയൊന്നുമില്ലാത്ത,ഒരു പാട്‌ പാടങ്ങള്‍ മാത്രമുള്ള ഒരു സാധാരണ വള്ളുവനാടന്‍ ഗ്രാമത്തില്‍ നിന്നും ഈയുള്ളവന്‍,ഉപരിപഠനത്തിന്റെ 'ദാഹ'വും പേറി ചേക്കേറുന്നത്‌.തികച്ചും അപ്രതീക്ഷിതമായ ഒരന്തരീക്ഷമായിരുന്നു അത്‌ എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.സീനിയേര്‍സിന്റെ 'പരിചയപ്പെടലും'( റാഗിംഗ്‌ എന്നു ചില വിവരദോഷികള്‍ ഇതിനെ അന്നേ കളിയാക്കിയിരുന്നു !!!)വീട്ടില്‍ നിന്നുള്ള ആദ്യത്തെ ഒറ്റപ്പെടലും കൂടിയായപ്പോള്‍ രക്ഷിതാക്കളോടുള്ള സ്നേഹവും ബഹുമാനവും ഒരിഞ്ചു കൂടിയില്ലേ എന്നു സംശയം.അന്നു മുതലാണ്‌ നിഘണ്ടുവിലെ ഗൃഹാതുരത്വത്തിനു കൂടുതല്‍ അര്‍ത്‌ഥതലങ്ങളുള്ളതായി അനുഭവപ്പെട്ടത്‌.

അങ്ങിനെ ഹോസ്റ്റല്‍ ജീവിതത്തോടു മെല്ലെ മെല്ലെ ഇണങ്ങിച്ചേര്‍ന്ന്‌,സഹമുറിയന്മ്മാരും സുഹൃത്തുക്കളുമായി, അല്‍പ്പസ്വല്‍പ്പം സാമൂഹ്യപ്രവര്‍ത്തനവും ചില്ലറ രാഷ്ട്രീയവുമായി ജീവിതം ആസ്വദിച്ചിരുന്ന കാലം(അടിപൊളി എന്ന വാക്ക്‌ അന്നു കണ്ടുപിടിച്ചിട്ടില്ലായിരുന്നു !!!)പ്രത്യേകിച്ചു 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'ക്യാമ്പസ്സുകളില്‍ കാല്‍പ്പനികതയുടെ പുതുമോടി വിടര്‍ത്തി പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന കാലം. അതുകൊണ്ടുതന്നെ, ശനിയാഴ്ചകളില്‍ മാറ്റിനിയ്ക്കു പോകുക എന്നതു ഹോസ്റ്റലിലെ അലിഖിത നിയമമായിരുന്നു.നിയമപരിപാലനത്തില്‍ അതീവ ശുഷ്കാന്തിയുള്ള ഉത്തമ ഹോസ്റ്റല്‍ പൗരന്മാരായി ഞങ്ങള്‍ പഞ്ചപാണ്ഡവര്‍- ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ മധു,കലാകാരനും നാടകസംവിധായകനുമായ ഇബ്രാഹിം തടുക്കശ്ശേരി,കൂട്ടത്തിലെ 'കാരണവര്‍'ആയ വിക്രമന്‍,ഹോസ്റ്റലിലെ ആസ്ഥാന ഗായകനായ ഷാജഹാന്‍ പിന്നെ 'ആംപ്ലിഫയര്‍' എന്ന്‌ 'സ്നേഹാതിരേക'ത്താല്‍ അറിയപ്പെട്ടിരുന്ന ഈ ദേഹവും - ആ ശനിയാഴ്ചയും നിയമം പാലിയ്ക്കുന്നതിന്നായി ചിത്രാലയ ലക്ഷ്യമാക്കി നടക്കുകയായിരുന്നു.തരകന്‍ സ്ക്കൂളിനു മുന്നിലുള്ള ഗെയ്റ്റും കടന്നു താഴേയ്ക്കിറങ്ങുമ്പോള്‍ അതാ കുളത്തിന്‍ കരയിലൊരു ആള്‍ക്കൂട്ടം.അടുത്തു ചെന്നപ്പോഴാണു അറിയുന്നത്‌ ,ഒരു വൃദ്ധസ്ത്രീ പടവില്‍ കിടന്നു പിടയ്ക്കുന്നു.നാവില്‍നിന്നും കുറേശ്ശെയായി പതയും വരുന്നല്ലൊ.കൂടിനിന്നവര്‍ നോക്കിനില്‍ക്കുകയല്ലാതെ അവരെ ആസ്പത്രിയിലെത്തിക്കനായി ഒന്നും ചെയ്യുന്നില്ല.ഞങ്ങളിലെ ആദര്‍ശത്തിന്റെ ഉറങ്ങിക്കിടന്നിരുന്ന സിംഹം സട കുടഞ്ഞെഴുന്നേറ്റു. കൂടിനിന്നവരെ നാലലക്ക്‌ അലക്കി, അവരേയും താങ്ങിപ്പിടിച്ച്‌ ഓട്ടോയ്ക്കായി കൈകാട്ടി.നാശം, ഒന്നും നിര്‍ത്തുന്നില്ലല്ലൊ..ഒരുവിധം ഒരു 'ദയാളന്‍' വണ്ടി നിര്‍ത്തി ഞങ്ങളേയും കൊണ്ട്‌ താലൂക്കാസ്പത്രി നോക്കി പറന്നു.പരിശോധനയ്ക്കു ശേഷം ഡോക്ടറുടെ ലിസ്റ്റ്‌ കിട്ടിയപ്പോഴാണ്‌ ഞെട്ടിയത്‌!ഞങ്ങള്‍ അഞ്ചു പേരും അരിച്ചു പെറുക്കിയപ്പോള്‍ ആകെ കിട്ടിയത്‌ 12 ഉറുപ്പ്യ !! മരുന്നു വാങ്ങാന്‍ ഇനിയെന്ത്‌ പോംവഴി എന്നു ചിന്തിച്ചു നില്‍ക്കുമ്പോഴുണ്ട്‌, ഒരു ദൈവദൂതനെപ്പോലെ 'അമീന്‍' അവിടേയ്ക്കു കടന്നുവരുന്നു.( യുവജന സംഘടനയുടെ സെക്രട്ടറിയും ഞങ്ങളുടെ വഴികാട്ടിയും ആയിരുന്ന അദ്ദേഹം പിന്നീട്‌ ഒരു ബൈക്കപകടത്തില്‍ അകാല ചരമമടഞ്ഞു )അമീന്റെ നേതൃത്വത്തില്‍ അവിടെയുള്ളവരോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കിട്ടിയ സംഭാവന കൊടുത്ത്‌ മരുന്നു വാങ്ങി ബാക്കി കടവും പറഞ്ഞു ഡോക്റ്ററുടെ കൈയില്‍ മരുന്നു കൊടുത്തപ്പോള്‍ എന്തോ ഒരു വലിയ കാര്യം ചെയ്ത പ്രതീതിയായിരുന്നു.

എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല.ഒരു കുപ്പി ഗ്ലൂക്കോസ്‌ കേറി അടുത്ത കുപ്പി പകുതിയായപ്പോഴേയ്ക്കും അവരുടെ സമയം അടുത്തിരുന്നു......ഞങ്ങല്‍ സ്തബ്ധരായിപ്പോയി...സകല നാഡീഞ്ഞരമ്പുകളും പ്രവര്‍ത്തനരഹിതമായതുപോലെ... എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ തമ്മില്‍ തമ്മില്‍ ഓരോരുത്തരുടേയും മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി..അകാരണമായ ഒരു ഭീതി ഞങ്ങളുടെ മനസ്സില്‍ വളര്‍ന്നു..ഡോക്റ്ററുടെ ചോദ്യശരങ്ങള്‍ക്കു മുമ്പില്‍ ഞങ്ങളില്‍ ചിലരെങ്കിലും പതറിപ്പോയോ എന്നു സംശയം..ഓടുവില്‍ അവര്‍ അനാഥയായിരുന്നു എന്ന മൊഴി സ്വീകരിച്ചു മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.തിരിച്ചു ഹൊസ്റ്റലിലേയ്ക്കുള്ള യാത്രയില്‍, നഗരത്തിന്റെ ജനനിബിഢതയിലും ഞങ്ങള്‍ക്ക്‌ ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി.... ഈ അദ്ധ്യായം ഇതോടുകൂടി അവസാനിച്ചുവോ ?.......ഇല്ല.... അന്നു രാത്രി ഞങ്ങളെ കാത്തിരുന്നത്‌ മറ്റൊരു വാര്‍ത്തയായിരുന്നു....അത്‌ പിന്നീട്‌.......

2 comments:

ചെമ്പകന്‍ said...

നല്ല തുടക്കം.പ്രത്യേകിച്ചും ആദ്യത്തെ പാരഗ്രാഫ്‌ മനസ്സില്‍ തട്ടി.
'ഗുപ്തസാമ്രാജ്യ'ത്തിലെ അവസാനത്തെ കണ്ണികളില്‍ ഒരുവനാകാന്‍ നിയോഗിയ്ക്കപ്പെട്ടവന്‍' എന്നു കരുതുന്നതെന്തേ!

കൊച്ചുഗുപ്തന്‍ said...

താങ്കളുടെ അഭിപ്രായത്തിന്‌ നന്ദി ചെമ്പകന്‍.. ഒരു ചെറിയ മാറ്റം വരുത്തിയിരിയ്ക്കുന്നു. ശ്രദ്ധിയ്ക്കുമല്ലോ..