September 23, 2011

ഗ്രാമീണനൊമ്പരങ്ങള്‍.....


.....വള്ളുവനാട് താലൂക്ക് .... അംശം .... ദേശം !!!! പഴയ ആധാരത്തിന്റെ കീറിത്തുടങ്ങിയ താളുകള്‍ക്കിടയില്‍ പൊടിപിടിച്ചിരിയ്ക്കുന്ന , ഗൃഹാതുരത്വമുണര്‍ത്തുന്ന ആ അക്ഷരങ്ങള്‍ അവന്‍ പലകുറി വായിച്ചു.....കടലാസ് മാത്രമല്ലേ കീറിത്തുടങ്ങിയിട്ടുള്ളൂ..തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന സ്മരണകള്‍ക്കു മരണമില്ലല്ലൊ....!!!.
.തന്റെ ഗ്രാമത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഓരോന്നായി മനസ്സില്‍ ഓടിയെത്താന്‍ തുടങ്ങി... കുന്തിപ്പുഴയോര
ത്തെ ഒരു കുഗ്രാമം...ഒരു വണ്ടി കാണാന്‍ മൈലുകള്‍ താണ്ടി ചെല്ലേണ്ട അവസ്ഥ...ആകെയുള്ള ചെമ്മണ്‍ പാതയാണെങ്കിലോ നാടിനു കുറുകെയോടുന്ന തോടിനു അക്കരെയിക്കരെ വന്നു അമാന്തിച്ചു നില്‍പ്പാണു...നിത്യേനയെന്നോളമുള്ള പന്തം കൊളുത്തി പ്രകടനക്കാരുടെ വെളിച്ചമാണ്‌ രാത്രിയില്‍ യാത്രക്കാരുടെ ഏക ആശ്രയം...മഴക്കാലമായാല്‍ ബഹുരസം ..!! പ്രത്യേകിച്ചും കുട്ടികള്‍ക്ക് ...തോടും പാടവും ഒന്നായി , "ഒറ്റപ്പാല"ത്തിനും മീതെ വെള്ളമെത്തീട്ടുണ്ടാവും.... രണ്ടുമൂന്നു ദിവസം സ്കൂളില്‍ പോകേണ്ടല്ലോ...വൈകുന്നേരമായാല്‍ വെള്ളം കാണാന്‍ വരുന്നവരെക്കൊണ്ടു നിറഞ്ഞിരിയ്ക്കും അയ്യപ്പന്‍ കാവു പരിസരം...!!!!!!!!!
..അത് അന്തക്കാലം....ഒരു പത്തിരുപത്തഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പത്തെ നാടിന്റെ കഥ..മിച്ചഭൂമി സമരത്തിനും ജന്മി-കുടിയാന്‍ സംഘട്ടനങ്ങള്‍ക്കും പേരുകേട്ടിരുന്ന തന്റെ ഗ്രാമം ഇന്നേറെ മാറിയിരിയ്ക്കുന്നു...പണ്ടത്തെ ചെമ്മണ്‍പാത പൊതുമരാമത്തു വകുപ്പിന്റെ പാതയ്ക്കു വഴിമാറി....മഴക്കാലത്ത് തോടുതന്നെ നിറഞ്ഞാലായി....പാടം എന്നുള്ളത് പേരില്‍ മാത്രമായി ചുരുങ്ങി....കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച വിരിച്ച നെല്‍പ്പാടങ്ങള്‍പഴങ്കഥകളായി.. ....പുഞ്ചപ്പാടവും കരിങ്കറയും പള്ള്യേലും ചിറയും വഴിക്കുന്നും വളര്‍ത്തുകാടും ഓണക്കളികളും ആതിരക്കുളിരും എല്ലാം ഓര്‍മ്മകള്‍ മാത്രമായി..















എങ്കിലും ...എങ്കിലും
.....ഒന്നു മാത്രം ഇന്നും ഈ മാറ്റങ്ങള്‍ക്കൊന്നും കാതോര്‍ക്കാതെ , അതിന്റെ പ്രയാണം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു.....അതെ....കുന്തിപ്പുഴ ശാന്തമായി ഒഴുകുന്നു......!!!

1 comment:

ഗുപ്തന്‍സ് said...

...എങ്കിലും .....ഒന്നു മാത്രം ഇന്നും ഈ മാറ്റങ്ങള്‍ക്കൊന്നും കാതോര്‍ക്കാതെ , അതിന്റെ പ്രയാണം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിയ്ക്കുന്നു.....അതെ....കുന്തിപ്പുഴ ശാന്തമായി ഒഴുകുന്നു......!!!


ഒരു ഗ്രമീണന്റെ നൊമ്പരങ്ങള്‍.....