November 28, 2006

' ബൂലോഗം' തുള്ളല്‍

മാന്യന്മാരാം ബ്ലോഗന്മാരേ
ബ്ലോഗന്മാരിലെ വിരുതന്മാരേ

വാരിവലിച്ചു തൊഴുന്നേന്‍ - നിങ്ങടെ
നട്ടെല്ലൂരി താണുതൊഴുന്നേന്‍

എന്നാലിനിയൊരു കഥയുര ചെയ്യാം
എന്നുടെ 'ലാപ്‌'ല്‍ വരണത്‌പോലെ

ബ്ലോഗാണല്ലോ പലതും പറയും
അതുകൊണ്ടല്‍പം പരിഭവം (ഒക്കെ)ആവാം

കേരം തിങ്ങും കേരളമെന്നാല്
‍കേവലമായൊരു ഇടമല്ല

തിരുവോണത്തിന്‍ സുകൃതം പേറും
ദൈവത്തിന്‍ സ്വം നാടല്ലോ

അങ്ങനെയുള്ളൊരു നാട്ടില്‍ ചെന്നാല്‍
ഇപ്പോഴത്തെ സ്ഥിതിയെന്താ

പാതയിലൂടെ നടക്കണമെങ്കില്
‍ഭാഗ്യജ്ജാതക മാവേണം

ഇല്ലെന്നാകില്‍ ബസ്സായൊരുവന്
‍വേഗപ്പൂട്ടില്‍ ജീവനെടുക്കും

ബാങ്കിന്‍ കാര്യം ഹെന്തൊരു കഷ്ടം!
ബലമായ്‌ പറയാന്‍പാടില്ലൊന്നും

ലോണിന്‍ കാര്യം ചോദിച്ചെന്നാല്
‍മരണത്തിന്‌ ബദല്‍ പറയേണ്ടിവരും

പീഢനമല്ലോ ഉലകില്‍ സുലഭം
മുകളില്‍ മന്ത്രി താഴെ തന്ത്രി

ഐസ്ക്രീം പാര്‍ലര്‍, മസ്സാജ്‌ സെന്റര്
‍മലയാളത്തിന്‍ പുതിയപദാവലി

പ്രീഡിഗ്രി പോയി പ്ലസ്‌ ടു വന്നു
പ്ലസ്‌ ടു പോയഥ സ്വാശ്രയമായി

ആശ്രയമല്ലാതുള്ളൊരു സ്വാശ്രയം
വിദ്യാഭ്യാസ മൊരാഭാസം

സര്‍ക്കാര്‍ ആപ്പീസ്‌ തന്നിലെ ജോലി
കിട്ടിയാല്‍ പിന്നെ പണിയില്ല

അട്ടപ്പാടിയും വയനാടും
വീട്ടിന്നരികെ അടുത്തെത്തും

ടൂറിസമാണേല്‍ ടൂറും ഇസവും
ചേര്‍ന്നൊരു പായസ രൂപത്തില്

‍സഞ്ചാരികളേ ഇതിലേ ഇതിലേ
സഞ്ചിയില്‍ 'ഗുഡ്‌നൈറ്റ്‌' കരുതിക്കോ

പിന്നെ വളരുന്നുണ്ടൊരു കാര്യം
വിവാദത്തിന്‍ വ്യവസായം

വന്നാല്‍ പ്രശ്നം ഇല്ലേല്‍ പ്രശ്നം
ദൈവത്തിന്നോ 'ദേവപ്രശ്നം'

ടെക്നോപാര്‍ക്കായ്‌ പാത തെളിച്ചു
ആദ്യത്തെ പാര്‍ക്കിവിടെത്തന്നെ !

എന്നാലിപ്പൊള്‍ മറ്റുള്ളവരുടെ
പിന്നാലെത്താന്‍ മുടന്തുന്നു

സ്വന്തം നാട്ടില്‍ ജോലിയെടുക്കാന്‍
മലയളിയ്ക്കിനി എന്നാവും?
......
എങ്കിലുമെങ്കിലും കേരളമെന്നാല്‍
തമ്മില്‍ ഭേദം കേമം കേമം

മലയാളിയ്ക്കൊ അഭിമാനം
മനസ്സില്‍ വിരിയും 'പൊന്‍'ശക്തി
.....
ബ്ലോഗന്‍-ബ്ലോഗിനി മാരുടെ ചരിതം
ഇപ്പോള്‍ പറയാന്‍ അവസരമില്ലാ

ഇനിയൊരു ചാന്‍സ്‌ ലഭിയ്ക്കെന്നാകില്
‍ബൂലോഗത്തില്‍ അന്നു കഥിയ്ക്കാം.........

14 comments:

കൊച്ചുഗുപ്തന്‍ said...

മാന്യ വായനക്കാര്‍ ഇതൊരു സറ്റൈറിക്‌ കാഴ്ച്ചപ്പാടിലെടുക്കണമെന്നു അപേക്ഷിയ്ക്ക്കുന്നു

സു | Su said...

കേരളചരിതം ഓട്ടന്‍‌തുള്ളല്‍ നന്നായിട്ടുണ്ട്. :)

Anonymous said...

samakaaleena keralathepattiyulla Thullal kalakki..

draupathivarma said...

thak you gupta...
chilathokke vayichu istamai..
iniyum ezhuthanam
gud wishes

ചെമ്പകന്‍ said...

തികച്ചും വൈവിധ്യമാര്‍ന്ന ഒരു പോസ്റ്റ്‌!. ശരിക്കും ആസ്വദിച്ചു.

kochugupthan said...

അഭിപ്രായങ്ങളും അഭിനന്ദനങ്ങളും രേഖപ്പെടുത്തി ബൂലോഗത്തെ ഈ നവാഗതനെ പ്രോത്സാഹിപ്പിച്ച സൂവിനും അജ്ഞാതനും ദ്രൗപതിവര്‍മ്മയ്ക്കും ചെമ്പകനും ഒരുപാട്‌ നന്ദി....

..ഇനിയും തല്ലും തലോടലും പ്രതീക്ഷിയ്ക്കുന്നു...

...കൊച്ചുഗുപ്തന്‍

കൃഷ്‌ | krish said...

കൊച്ചുഗുപ്താ.. നീ കൊച്ചുഗുപ്തനല്ലാ വലിയഗുപ്തനാ.. (പൊന്നപ്പനല്ലാ.. സ്റ്റെയില്‍).
ബൂലോകത്തുള്ളല്‍ കലക്കീട്ടൊണ്ട്‌ട്ടോ.. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പാട്ടുകളും അതിന്റെ പാരഡികളും ഓര്‍മ്മ വരുന്നു... ഇതാണ്‌ മോഡേണ്‍ കേരള തുള്ളല്‍... ഇനിയും വരട്ടെ...

കൃഷ്‌ |krish

കൊച്ചുഗുപ്തന്‍ said...

നന്ദി കൃഷ്‌....അഭിപ്രായത്തിനും 'പട്ട'ത്തിനും....

പുതുയുഗത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെയെന്നു നാം നിനച്ചിരുന്നതെല്ലാം ഒരോന്നായി നമുക്കു നഷ്ടപ്പെട്ടുക്കൊണ്ടിരിയ്ക്കുമ്പോള്‍ തോന്നിയത്‌ ഈ രൂപത്തില്‍ കുറിച്ചിട്ടു എന്നു മാത്രം...

chitrakaran said...

ഹലോ...കൊച്ചു ഗുപ്തന്‍, തങ്കളുടെ ഗ്രിഹാതുരത്വം ദേശപ്രേമമായി തുള്ളിക്കളിക്കുന്നതുകാണാന്‍ രസമുണ്ട്‌.

draupathivarma said...

gud
iniyum pratheeshikkunnu itharam tamasakal

ഈമൊഴി said...

ദയവായി താങ്കളുടെ പുതിയ മലയാളം ബ്ലോഗ് URL emozhi.com -ലും കൂടി സമര്‍പ്പിക്കുക. മലയാളത്തില്‍ ബ്ലോഗുകള്‍ സേര്‍ച്ചുചെയ്യുവാനും, സബ്മിറ്റ് ചെയ്യുവാനും ഇവിടെ അവസരമുണ്ട്. ഓരോ സൃഷ്ടിയും തനത് url ഉം, keyword കളും ഉപയോഗിച്ച് ഈമൊഴിയില്‍ സബ്മിറ്റ് ചയ്യുമല്ലോ..

ittimalu said...

ആഹാ.. ഇതു കൊള്ളാലോ തുള്ളല്‍ .. ഒരു വറൈറ്റി.. പക്ഷെ പാതിയില്‍ നിര്‍ത്തിയ പോലെ.. ബാക്കി കൂടെ പോരട്ടെ...

രാജു ഇരിങ്ങല്‍ said...

ബൂലോകം തുള്ളല്‍ ഇഷടമായി. സമകാലികപ്രശ്നങ്ങള്‍ക്കെതിരെ വളരെ ശക്തമായി പ്രതികരിച്ചിട്ടുള്ള തുള്ളല്‍ എന്ന കാ‍ലാവിഭാഗം തിരഞ്ഞെടുത്ത് തനിക്ക് പറയാനുള്ളത് കൊച്ചു ഗുപ്തന്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍

ഇടിവാള്‍ said...

നന്നായിരിക്കുന്നൂട്ടോ...

അടുത്ത ബൂലോഗ തുള്ളലിനായി കാത്തിരിക്കുന്നു. ആശംസകള്‍