August 19, 2007

ചില "സുവര്‍‍ണ്ണ" ചിന്തകള്‍ - വിശ്വകൈരളി

മലയാളികളുടെ മാതൃഭൂമിയായ ഐക്യകേരളം രൂപം കൊണ്ട്‌ അന്‍പത്‌ വര്‍ഷം പിന്നിട്ടതിന്റെ സുവര്‍ണ്ണ സ്മരണകളിലാണല്ലോ നമ്മളിപ്പോള്‍.അതുകൊണ്ടുതന്നെ ഓരോ മലയാളിയ്ക്കും ഇത്‌ ആഘോഷങ്ങളുടേയും സ്വപ്നങ്ങളുടേയും കാലമാണ്‌. ഇതാ അത്തരത്തില്‍ ,മനസ്സില്‍ വിരിഞ്ഞ ആദ്യ 'സ്വപ്നം'.."വിശ്വകൈരളി"....

'ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍'..

ഒരുകാലത്ത്‌, ഈ ഈരടികള്‍ ഏതൊരു മലയാളിയുടേയും ആത്മവിശ്വാസത്തിന്റെ പര്യായമായിരുന്നത്രെ..എന്നാല്‍ കാലക്രമേണ ഈ വരികളുടെ മാസ്മരശക്തി മലയാളമനസ്സില്‍ നിന്നും മാഞ്ഞുപോകുന്നുവോ?.ഇന്നത്തെ മലയാളിയ്ക്ക്‌ അവന്റെ ദേശത്തോടും ഭാഷയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തിയുടെ അളവു വെച്ചു നോക്കുമ്പോള്‍,അങ്ങനെ ചിന്തിയ്ക്കാനാണ്‌ പ്രേരിപ്പിയ്ക്കുന്നത്‌.തമിഴനും ബംഗാളിയും പഞ്ചാബിയും ഗുജറാത്തിയും എവിടെയായാലും അവരുടെ സംസ്കാരം വിട്ടുള്ള കളിയ്ക്കിറങ്ങാറില്ല.നാമാകട്ടെ,നമ്മുടെ നാട്ടില്‍തന്നെ,വിദേശിയര്‍ പോലും മാനിച്ച്‌ പിന്തുടരാന്‍ ആഗ്രഹിയ്ക്കുന്ന ആ ജീവിതരീതിയ്ക്ക്‌ ശവക്കുഴി തോണ്ടുന്നു!...ഈ അവസരത്തിലാണ്‌ 'വിശ്വകൈരളി അന്തര്‍ദേശീയ മലയാളം സംസ്കാരിക സര്‍വകലാശാല' എന്ന സ്വപ്നത്തിന്റെ പ്രസക്തിയേറുന്നത്‌.

കേരള കലാമണ്ഡലം മലയാളിയുടെ അഭിമാനമായി മാറിയിട്ട്‌ വര്‍ഷങ്ങളേറെ കഴിഞ്ഞു.എങ്കിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ ചൂണ്ടിക്കാണിയ്ക്കാന്‍ പാകത്തില്‍ അത്‌ വളര്‍ന്നിട്ടില്ല. കുറച്ചുകാലം മുമ്പുവരെ ഇതോടനുബന്ധിച്ച്‌ ഡീംഡ്‌ യൂണിവേഴ്‌സിറ്റി എന്നൊക്കെ പലപ്പോഴായി കേട്ടുകൊണ്ടിരുന്നു.മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ പരിമിതികള്‍ക്കുള്ളിലിരുന്നുകൊണ്ട്‌ അത്‌ നശിച്ചുപോകാന്‍ അനുവദിയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ടുപോരുന്നു എന്നുമാത്രം. ഇപ്പോഴാണെങ്കില്‍ പുതിയ സര്‍ക്കാര്‍, കലാമണ്ഡലത്തിന്റെ വികസനസാദ്ധ്യതകളെപ്പറ്റി പഠിയ്ക്കാന്‍ പ്രൊ:ഓ.എന്‍.വി.യെ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്‌. ഇത്തരുണത്തില്‍, കലാരംഗം മുതല്‍ ചികിത്സാരീതി വരെ വ്യാപിച്ചു കിടക്കുന്ന,കേരളത്തിന്റെ തനതായ ഭാഷയുടേയും സംസ്കാരത്തിന്റേയും അന്ത:സ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌,ഈ ഭൂലോകത്തിലെ നാനാജാതിമതസ്ഥരായ എല്ലാ മലയാളികള്‍ക്കും അഭിമാനപുരസ്സരം ഉയര്‍ത്തിക്കാണിയ്ക്കാനുതകുന്ന,കൊല്‍ക്കൊത്തയിലെ വിശ്വഭാരതിയെപ്പോലെ, അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു സ്ഥാപനം-അതായിരിയ്ക്കട്ടെ 'വിശ്വകൈരളി' .

എന്നാല്‍ ഇത്തരം മറ്റു സര്‍വ്വകലാശാലകളെപ്പോലെ കേവലം ഭാഷാപരമായ പ്രവര്‍ത്തനങ്ങളിലൊതുങ്ങാതെ,ഒരു ജനതതിയുടെ സംസ്കാരത്തിന്റെ മുഴുവന്‍ പ്രതിബിംബമായി മാറാന്‍ കഴിയത്തക്കരീതിയിലായിരിയ്ക്കണം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌.എങ്കില്‍ മാത്രമേ വരും തലമുറകള്‍ ഇതിനെ അര്‍ഹിയ്ക്കുന്ന ആദരവോടുകൂടി കാണുകയുള്ളൂ..മറുനാട്ടിലും വിദേശങ്ങളിലും കേരളീയമായ തനതു കലകള്‍ക്കും ആയുര്‍വേദത്തിനും പ്രശസ്തി വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ അവ നിലനിര്‍ത്താനും പരിപോഷിപ്പിയ്ക്കുവാനും കൂടാതെ ആവശ്യക്കാര്‍ക്ക്‌ സമയത്ത്‌ ലഭ്യമാകാനും ഈ നിര്‍ദ്ദിഷ്ട 'വിശ്വകൈരളി'യില്‍ പ്രത്യേകം 'കളരി'കള്‍ -ഫാക്കല്‍ട്ടികള്‍-ക്കു കീഴില്‍ അവയെ ഏകോപിപ്പിക്കണം.ഉദാഹരണത്തിന്‌..മലയാള ഭാഷയുടെ പഠനത്തിനും ഗവേഷണത്തിനും "തുഞ്ചന്‍ ഭാഷാ കളരി",കഥകളി,മോഹിനിയാട്ടം,തുള്ളല്‍ തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്കായി "കലാമണ്ഡലം നൃത്ത കളരി",ശാസ്ത്രീയ സംഗീതത്തിനും നാടന്‍ പാട്ടുകള്‍ക്കും താളവാദ്യങ്ങള്‍ക്കുമായി "ചെമ്പൈ സംഗീത കളരി",ആയുര്‍വേദത്തിനും മറ്റു പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങള്‍ക്കുമായി"ധന്വന്തരി ചികിത്സാ കളരി",കളരിപ്പയറ്റിനും മറ്റു ആയോധന കലകള്‍ക്കുമായി "പുത്തൂരം ആയോധന കളരി",പിന്നെ രവിവര്‍മ്മ ലളിതകലാ കളരി,പെരുന്തച്ചന്‍ വാസ്തുവിദ്യാ കളരി,തുടങ്ങി കേരളീയ പൈതൃകമുള്ള താന്ത്രികം,ജ്യോതിഷം തുടങ്ങിയ എല്ലാത്തിനെയും സംയോജിപ്പിച്ച്‌ ഒരു കുടക്കീഴില്‍ കൊണ്ടുവരണം. ഇത്തരം ഓരോ കളരികളും(ഫാക്കല്‍ട്ടി) ഈ രംഗത്തെ അവസാന വാക്കാകാന്‍ കെല്‍പ്പുള്ള മികവിന്റെ കേന്ദ്രങ്ങളായി(സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌)വികസിപ്പിയ്ക്കണം.ഇതിനായി ഇപ്പോള്‍ നിലവിലുള്ള കലാമണ്ഡലം,തിരൂരിലെ തുഞ്ചന്‍ ഭാഷാ പഠനകേന്ദ്രം,ആറന്മുള വാസ്തുവിദ്യാ ഗുരുകുലം,ആലുവ താന്ത്രിക വിദ്യാപീഠം തുടങ്ങിയ സ്ഥാപനങ്ങളെ വിശ്വകൈരളിയുടെ അതാതു കളരികളുമായി അഫിലിയേറ്റ്‌ ചെയ്യാവുന്നതാണ്‌...

കൂടാതെ രാജ്യത്തിനകത്തും പുറത്തുമായി പ്രധാന നഗരങ്ങളില്‍ ഇതോടനുബന്ധിച്ച്‌ "വിശ്വകൈരളി മേഖലാ കേന്ദ്രങ്ങള്‍" - മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും ഒത്തു ചേരാനും വിവിധ മലയാളി സമാജങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിയ്ക്കുവാനും തദ്വാര അവിടങ്ങളില്‍ കേരള സംസ്കാരത്തിന്റെ മാതൃകയായി വര്‍ത്തിയ്ക്കാനും ഉതകുന്ന തരത്തില്‍, ഇന്‍ഫോര്‍മേഷന്‍ സെന്ററിനും പഠനത്തിനുമായി 'പൂമുഖം', കേരളീയ ഭക്ഷണത്തിനായി അത്യാവശ്യ താമസസൗകര്യത്തോടുകൂടി 'നാലുകെട്ട്‌', കേരളീയ കലാ സിനിമാ പ്രദര്‍ശനങ്ങള്‍ക്കായി 'കൂത്തമ്പലം' എന്നീ മൂന്നു വിഭാഗങ്ങളിലായി - രൂപകല്‍പ്പന ചെയ്യണം. ഈ കേന്ദ്രങ്ങളെയെല്ലാം വിശ്വകൈരളിയുമായി ബന്ധിപ്പിയ്ക്കുക എന്നത്‌ വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനു സാക്ഷ്യം വഹിയ്ക്കുന്ന ഇക്കാലത്ത്‌ ,ദുഷ്ക്കരമാകില്ല.

ഇത്തരമൊരാശയം നമ്മേപ്പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത്‌ പ്രായോഗിഗമാകുമോ എന്നത്‌ തികച്ചും ന്യായമായ ഒരു സംശയമാണ്‌.ശരി തന്നെ.. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഈ സംരംഭത്തിന്‌ പണച്ചെലവ്‌ ഏറെയാണ്‌.അതിനുള്ള ഉത്തരമിതാ...മലയാളി പലപ്പോഴും ലോകത്തിന്‌ വഴികാട്ടിയായിട്ടുണ്ടല്ലോ.ആദ്യമായി കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ചപ്പോഴും, സാക്ഷരതാ രംഗത്തും ആതുരശുശ്രൂഷാ രംഗത്തും വികസിത രാജ്യങ്ങളെപ്പോലും ആശ്ചര്യപ്പെടുത്തിയപ്പോഴും, എന്തിനേറെ,ജനങ്ങള്‍ ' പിരിവെടുത്ത്‌ ' ഒരു അന്തര്‍ദ്ദേശീയ വിമാനത്താവളം പണികഴിപ്പിച്ചപ്പോഴും പാശ്ചാത്യരാജ്യങ്ങളടക്കമുള്ള വിദേശീയര്‍ക്ക്‌ അതെല്ലാം പുത്തന്‍ അറിവുകളായിരുന്നു. അങ്ങനെയുള്ള മലയാളിയ്ക്ക്‌ അവന്റെ സ്വത്വവും സംസ്കാരവും കാത്തുസൂക്ഷിയ്ക്കുവാന്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു സംസ്കാരിക സ്ഥാപനം അത്യന്താപേക്ഷിതമാണ്‌. ദില്ലിയിലെ കപ്പൂര്‍ത്തല പ്ലോട്ടും മുംബായിലെ വാഷിയിലുള്ള കേരള ഹൗസും മദിരാശിയിലെ ഗ്രീംസ്‌ റോഡ്‌ സ്ഥലവും എല്ലാം ഇതിനായി നീക്കിവെയ്ക്കാവുന്നതെ ഉള്ളൂ.. പിന്നെ സര്‍ക്കാരിന്റേയും മറ്റു അഭ്യുദയാകാംക്ഷികളായ മലയാളികളുടെയും ഫൊക്കാന,ഗള്‍ഫിലേയും യൂറോപ്പിലേയും മലയാളി സമാജങ്ങള്‍ തുടങ്ങിയവയുടെയും കൂട്ടായ്മയും കൂടിയാകുമ്പോള്‍ "വിശ്വകൈരളി" എന്നത്‌ സ്വപ്നമല്ല യാഥാര്‍ഥ്യമാകുമെന്നതിന്‌ രണ്ടു പക്ഷമില്ല...

ഒരു സ്ഥാപനത്തില്‍ തുടങ്ങി പ്രസ്ഥാനമായി വളരേണ്ട ഈ സങ്കല്‍പ്പത്തിന്റെ സാക്ഷാത്ക്കാരത്തിന്‌ ലോകമെങ്ങുമുള്ള മലയാളികളുടെ സഹകരണം പ്രതീക്ഷിയ്ക്കാവുന്നതാണ്‌.അല്ലെങ്കിലും,മലയാളത്തനിമ കേരളക്കരയില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ അത്‌ കുറച്ചെങ്കിലും നിലനിര്‍ത്തിപ്പോരുന്നത്‌ പ്രവാസി മലയാളികളാണല്ലോ !!!! കേരളത്തിന്റെ സുവര്‍ണജയന്തി വര്‍ഷത്തില്‍ ഇത്തരമൊരു ആശയത്തിനു പ്രസക്തിയില്ലേ?

സഹ്യസാനുക്കള്‍ കടന്ന് കേരളം അങ്ങനെ വളരട്ടെ.....

8 comments:

ഗുപ്തന്‍സ് said...

ചില 'സുവര്‍ണ്ണ' ചിന്തകള്‍ - വിശ്വകൈരളി ..... നിങ്ങള്‍ക്കായി സമര്‍പ്പിയ്ക്കുന്നു....അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി...

അനുഗ്രഹിയ്ക്കുക..

സു | Su said...

നല്ല കാര്യങ്ങള്‍. ഇതൊക്കെ നടക്കുമോ?

മാവേലികേരളം(Maveli Keralam) said...

വളരെ ശരിയാണ് സ്വന്തം സംസ്കാരം മറക്കുന്നതില്‍ മലയാളി മുന്‍പിലാണ്. പക്ഷെ മലയാളിയുടെ സംസ്കാരം അറിയാനും മനസിലാ‍ക്കാനും പരിപാലിയ്ക്കാനും പ്രവാസികളില്‍, പ്രത്യേകിച്ച് അവരുടെ യുവ തലമുറകളില്‍ നല്ല ഒരംശം തയ്യാറാണ്. പക്ഷെ അവര്‍ക്കു മലയാള സംസ്കാരത്തില്‍ അഭിമാനം കൊള്ളാനാകുന്ന വിധത്തിലല്ല ഇന്നു മലയാള സംസ്കാരം അവതരിയ്ക്കപ്പെടുന്നത്. ഉദാ:കേരള സംസ്കാരം ഹിന്ദു സംസ്കാരത്തിന്റെ ഒരു ഭാഗമായിട്ടാണല്ലോ അറിയപ്പെടുന്നത്. ഉച്ച നീചത്വമുള്ള്, ജാതിയുടെ പേരില്‍ ഇന്നും ആളുകളെ നീചരായി കണക്കാക്കുന്ന ഒരു മതമാണ് ഹിന്ദു മതം എന്ന് ലോകം മുഴുവനറിയാം. എന്നാല്‍ ഹിന്ദു മത് നേതാക്കള്‍ ഇതൊന്നും ഞങ്ങളറിഞ്ഞിട്ടേയില്ല കേട്ടിട്ടേയില്ല എന്ന വിധത്തില്‍ എല്ലാം നിഷേധിച്ചു നടക്കുമ്പോള്‍,മാനുഷിക മൂല്ല്യങ്ങളെ ബഹുമാനിയ്ക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകുന്ന മലയാളികള്‍ക്ക്,സ്വന്തം സംസ്കാരത്തെ ബഹുമാനിയ്ക്കാനാവാത്ത ഒരവസ്ഥയുണ്ടാകുന്നു. വിലപ്പെട്ട ഒരു സംസ്കാരത്തിന്റെ വില തന്നെ ഇത്തരം സത്യമില്ലാത്ത നേതാക്കളുടെയും അവരുടെ അനുയായികളുടെയും പേരില്‍ നഷ്ടമാകുന്നു.

ഗുപ്തന്‍സ് said...

# സു :]]
എല്ലാം നടക്കും...ഇന്നല്ലെങ്കില്‍ നാളെ... ശുഭപ്രതീക്ഷയോടെ ഇരുന്നോളൂ..

നന്ദി.... അഭിപ്രായത്തിന്‌..

# മാവേലികേരളം:]]
പ്രതികരിച്ചതിന്‌ നന്ദി..

---കൊച്ചുഗുപ്തന്‍

ഗുപ്തന്‍സ് said...

ഒരിയ്ക്കല്‍ക്കൂടി നിങ്ങളുടെ പൂമുഖത്തേയ്ക്ക്‌..........

ശ്രീ said...

നല്ല ചിന്തകള്‍‌ തന്നെ
:)

Appachan Ozhakkal said...

ഒരു നല്ല കാര്യം എഴുതിക്കണ്ടതില്‍ വളരെ സന്തോഷം തോന്നി. ഇന്നത്തെ മലയാളിക്ക്, മലയാളിയാണെന്ന് പറയാനും, മലയാളത്തില്‍ പറയാനും മടിയാണ്. പുതിയ തലമുറയുടെ മംഗ്ലീഷ് കേട്ടാല്‍ പെറ്റ തള്ളപോലും സഹിക്കില്ല. നിങ്ങളുടെ ഈ നല്ല നിര്‍ദ്ദേശത്തിനു സുസ്വാഗതം.

ഗുപ്തന്‍സ് said...

@ അപ്പച്ചന്‍ .....പ്രതികരണത്തിനു നന്ദി....