February 15, 2007

പൂച്ചയ്ക്കാരു മണികെട്ടും ????

കേരളം ഇന്നറിയപ്പെടുന്നത്‌ ദൈവത്തിന്റെ സ്വന്തം നാടായാണല്ലോ...അപ്പോള്‍ സ്വാഭാവികമായും ഈ ദേവലോകത്തിലെ അന്തേവാസികളായ മലയാളികളിലും അല്‍പ്പമെങ്കിലും ദേവാംശം ഉണ്ടായിരിയ്ക്കണം...അങ്ങനെയാണോ?..... സത്യത്തില്‍ മലയാളി എന്നതു കൊണ്ട്‌ എന്താണ്‌ അര്‍ത്‌ഥമാക്കുന്നത്‌? ..അല്ല, അര്‍ത്‌ഥമാക്കേണ്ടത്‌....എന്താണ്‌ അവന്റെ അസ്തിത്വം?...എവിടെ ചെന്നാലും അവനെ തിരിച്ചറിയാനുതകുന്ന എന്തെങ്കിലും പൊതുവായ ഗുണഗണങ്ങള്‍ അവനുണ്ടോ....ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടി, കേരളോത്‌പ്പത്തി മുതല്‍ക്കുതന്നെ നമ്മുടെ പൂര്‍വ്വികര്‍ അന്വേഷണം തുടങ്ങിയിരുന്നിരിയ്ക്കാം എന്നതില്‍ തര്‍ക്കമില്ല...എന്നാല്‍ ഇന്നും ഒരു മാപിനി വെച്ച്‌ അളക്കാന്‍ തക്ക പരുവത്തില്‍ അതിന്റെ ഉത്തരം നമുക്കു ലഭിച്ചിട്ടുണ്ടോ എന്നത്‌ തര്‍ക്കവിഷയമാണ്‌......

ഇത്തരുണത്തില്‍ ഇതാ ചില അനുമാനങ്ങള്‍ ..........

പ്രവാസം കാംക്ഷിയ്ക്കുന്ന മലയാളി..

ചിലര്‍ക്ക്‌ മലയാളിയെന്നാല്‍ ഗൃഹാതുരത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത, സ്വന്തം വീടും നാടും വിട്ടുപോകാന്‍ മടിയില്ലാത്ത ഒരു ജനതതിയാണ്‌..അങ്ങനെയാണല്ലോ , നീല്‍ ആംസ്റ്റ്രോങ്ങിന്‌, ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍തന്നെ ശങ്കരന്‍നായരുടെ ചായക്കടയില്‍നിന്നും കട്ടന്‍ചായയും പരിപ്പുവടയും ചൂടോടെ കഴിയ്ക്കാന്‍ സാധിച്ചത്‌ !!!..ദോഷം പറയരുതല്ലോ..ആ 'പാരമ്പര്യം' ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയോടെ നിലനിര്‍ത്തിപ്പോരുന്നു എന്നത്‌ ഏതൊരു മലയാളിയേയാണ്‌ രോമാഞ്ചകഞ്ചുകമണിയിയ്ക്കാത്തത്‌!!!

അപ്പോള്‍ നമ്മളെവിടെയാണ്‌ നിര്‍ത്തിയത്‌?..ങാ..അതെ..ജീവിതത്തില്‍ ഒരിക്കലെങ്കിലും, മനസ്സുകൊണ്ടെങ്കിലും പുറത്തുപോകാന്‍ ആഗ്രഹിയ്ക്കാത്ത 'ഉള്‍നാടന്‍ മലയാളികള്‍'എത്രയുണ്ടാകും..തുലോം തുച്ഛം തന്നെ...വര്‍ഷങ്ങള്‍ കൂടുന്തോറും പടിഞ്ഞാട്ടുനോക്കികളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നതേയുള്ളൂ എന്നാണ്‌ സര്‍ക്കാരിന്റെ കണക്കുപുസ്തകം കാണിയ്ക്കുന്നത്‌...

അപ്പോള്‍ പ്രവാസം മലയാളിയ്ക്ക്‌ വിധിയ്ക്കപ്പെട്ടതാണെന്നു സാരം..ചിലര്‍ സ്വയമേ വരിയ്ക്കുന്നതാവാം..മറ്റുചിലര്‍ പ്രവാസത്തിലേയ്ക്ക്‌ വലിച്ചിഴയ്ക്കപ്പെട്ടതാവാം..അത്രയേയുള്ളൂ വ്യത്യാസം..

മലയാളിയും മനോരമയും...

ചിലര്‍ക്ക്‌ മലയാളിയെന്നാല്‍ മനോരമയാണ്‌..കേട്ടിട്ടില്ലേ..പ്രചുരപ്രചാരമായ ആ പരസ്യ വാചകം...
"മലയാളം - മലയാളി - മനോരമ...എവിടെ മലയാളിയുണ്ടോ അവിടെ മനോരമയുണ്ട്‌..."

അങ്ങനെ മലയാളിയുടെ അസ്തിത്വം ഇവര്‍ മനോരമയിലൂടെ കാണാന്‍ ശ്രമിയ്ക്കുന്നു....ഇക്കൂട്ടര്‍ വാദിയ്ക്കുന്നത്‌, മലയാള സാഹിത്യത്തിലെ 'തലതൊട്ടപ്പന്മാരായ' മുട്ടത്തു വര്‍ക്കി, കാനം, കോട്ടയം പുഷ്പനാഥ്‌ തുടങ്ങി പുത്തന്‍ തലമുറയിലെ സുധാകര്‍ മംഗളോദയം വരെയുള്ള 'മഹാരഥന്മാര്‍' അറിയപ്പെട്ടിരുന്നത്‌ മനോരമയില്‍ക്കൂടെയായിരുന്നു എന്നാണ്‌... ശ്ശോ....എന്താ അവിടെ ഒരു (പൈ)ങ്കിളിശബ്ദം എന്നു അയല്‍പ്പക്കത്ത്‌ (പാ)'ഇസം' ഉണ്ടാക്കുന്നവര്‍ മുറുമുറുക്കുന്നു.....

ഉത്സവവും കൊടിയേറ്റവും...

മലയാളിയും കൊടിയും തമ്മില്‍ പൊക്കിള്‍കൊടി 'ബന്ദം'- ക്ഷമിയ്ക്കണം - ബന്ധം പോലും ഉണ്ടെന്ന് ഇനിയൊരു കൂട്ടം വീറോടെ വാദിയ്ക്കുന്നു...മലയാളികളുള്ളിടത്ത്‌ ഒരു കൊടിപോലും കാണാന്‍ സാധിച്ചില്ലെങ്കില്‍ അതില്‍പ്പരം അപമാനം വേറെ വരാനില്ലെന്നും (പിന്നെ ആകെയുള്ള കൊടികള്‍ പെണ്‍കൊടിമാരാണ്‌- അവരെ ഇപ്പോള്‍ സ്പര്‍ശിയ്ക്കുന്നില്ല..) മറ്റുള്ളവര്‍ അവരെ മലയാളികളായി അംഗീകരിയ്ക്കില്ലെന്നും, ഇക്കൂട്ടര്‍ ആത്‌മാര്‍ത്‌ഥമായി വിശ്വസിയ്ക്കുന്നു....

എന്തുകൊണ്ടോ ഈ പ്രവണത മറുനാടന്‍ മലയാളികളേക്കാള്‍ ഉള്‍നാടന്‍ മലയാളികളിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌....മലയാളികളുടെ പൊതുവായ അസ്തിത്വ പ്രശ്നമായതുകൊണ്ട്‌, ഈ അന്തരത്തെപ്പറ്റി ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടിയിരിയ്ക്കുന്നു...അല്ലെങ്കില്‍ കുഞ്ഞുണ്ണിമാഷുടെ കവിത

"ജനിയ്ക്കുംതൊട്ടെന്‍ മകന്‌ കൊടിപിടിയ്ക്കണം - അതിനാല്‍
ഭാര്യതന്‍ പേറങ്ങ്‌ നാട്ടില്‍ത്തന്നെയാക്കി ഞാന്‍ "

എന്ന് മറുനാട്ടിലെ മലയാളികള്‍ക്ക്‌ മാറ്റി പാടേണ്ടി വരും....

അപ്പോള്‍ അങ്ങനെ കൊടിയേറ്റം കഴിഞ്ഞു..ഇനിയൊ..ഉത്സവം തന്നെ...വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രം വരുന്ന ഉത്സവങ്ങള്‍ മിക്കവാറും എല്ലാ ജനതതിയ്ക്കുമുണ്ടാകും..അതിലെന്തു പ്രത്യേകത?..എല്ലാ മാസവും ഉത്സവമായാലോ? അതു ഭേഷ്‌..അതാവുമ്പോള്‍ അസ്തിത്വ പ്രശ്നത്തിനും പരിഹാരമാകും...അങ്ങനെയാണ്‌ ഉദ്യോഗസ്ഥരുടേയും കച്ചവടക്കാരുടേയും ഉത്സവമായ ബന്ദ്‌ എല്ലാ മാസവും മുടക്കം കൂടാതെ ആഘോഷിയ്ക്കാന്‍ തുടങ്ങിയത്‌..(ഈയടുത്തകാലത്താണ്‌ ബന്ദിനെ, ഹര്‍ത്താല്‍ അതിന്റെ മുഴുവന്‍ അര്‍ത്‌ഥത്തോടെ,അപ്പാടെ വിഴുങ്ങിക്കളഞ്ഞത്‌ !!!..)

ജൂദാസും മലയാളിയും..

മാതൃഭാഷയില്‍ സംസാരിച്ചാല്‍ ശിക്ഷിയ്ക്കപ്പെടുന്ന കുട്ടികളുണ്ടെന്ന 'ഖ്യാതി' ഒരു പക്ഷെ മലയാളികളുടെ മാതൃഭൂമിയായ കേരളത്തിന്‌ മാത്രം അവകാശപ്പെട്ടതായിരിയ്ക്കാം..മറ്റൊരു സമൂഹത്തിനും ഇത്ര ധൈര്യം ഉണ്ടായി എന്നു വരില്ല...അസ്തിത്വത്തിനൊരു മുതല്‍ക്കൂട്ട്‌ !!!കൂടാതെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ ചില ആചാരങ്ങളും ഇതോടനുബന്ധിച്ച്‌ ഇവിടത്തുകാര്‍ക്ക്‌ സ്വന്തം..!.വിദ്യാലയങ്ങളിലെ 'മൊട്ടയടി' തുടങ്ങിയവ..(തിരുപ്പതിയും പഴനിയും ഇനി എന്തു ചെയ്യും?!!)

സ്വന്തം ഭാഷയും സംസ്കാരവും മ്ലേച്ഛമായതാണെന്ന് അവരവരുടെ വരും തലമുറകളെ പഠിപ്പിയ്ക്കാന്‍ 'ഭാഗ്യ'മുള്ള വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നതുകൊണ്ട്‌, ഭാവിയില്‍ ജൂദാസിന്റെ സൗഹൃദവും പ്രതീക്ഷിയ്ക്കാവുന്നതാണ്‌...എന്നിട്ടുവേണം മുപ്പതു ചില്ലിക്കാശിനായി സ്വന്തം ഭാഷയേയും സംസ്കാരത്തെയും ഒറ്റുകൊടുത്ത്‌ മലയാളത്തെ കേരളത്തില്‍ നിന്നും നാടുകടത്താന്‍ ....

മലയാളി - 'മതവാദി'യും മിതവാദിയും .

ശരിയ്ക്കും, ആരാണീ മലയാളി?......വ്യവസ്ഥാപിത മതങ്ങളായ ഹിന്ദു,മുസ്ലീം,കൃസ്ത്യന്‍ എന്നിവയേക്കാളും ഒരുപടി മുകളില്‍, 'കേരളീയത' എന്ന മതത്തില്‍ മുറുകെ പിടിയ്ക്കുന്നവരാണ്‌ ശരാശരി മലയാളികളേറെയും. വിഘടനവാദത്തിന്റെ ഭീഷണിയുള്ള ഈ കാലഘട്ടത്തിലും ആ അസ്തിത്വം പേറുന്നവരുടെ എണ്ണം ഒരു വലിയ ശതമാനമാണ്‌ എന്നതാണ്‌ വാസ്തവം.അല്ലെങ്കില്‍ എത്രയോ മുമ്പുതന്നെ കേരളം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ വിളനിലമായി മാറിയേനെ..

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമായി വിവിത മതസ്ഥരുടെ ഇടകലര്‍ന്നുള്ള ആവാസവ്യവസ്ഥയും,കേരളത്തിലെ ഈ മതങ്ങളുടെ ആവിര്‍ഭാവകാലത്തെ ചരിത്രപരമായ സവിശേഷതകളാലും വന്നു ഭവിച്ച ഈ മതനിരപേക്ഷ മനോഭാവം കൊണ്ട്‌ മലയാളികളെ അത്ര എളുപ്പത്തില്‍ മതപരമായി ഭിന്നിപ്പിയ്ക്കാന്‍ കഴിയാതെ വരുന്നു എന്നതാണ്‌ ഈ അസ്തിത്വത്തിന്റെ കാതല്‍...

വികസനം + മലയാളി = 'വികലാളി'

അല്ലെങ്കിലും ഒരു ശരാശരി മലയാളിയ്ക്ക്‌ ഭൗതികമായ വികസനത്തില്‍ അത്ര താല്‍പ്പര്യമുണ്ടായിക്കൊള്ളണമെന്നില്ല...അവന്‌ ലോക രാഷ്ട്രങ്ങളിലെ പ്രതിസന്ധികളുടെ നൂലാമാലകള്‍ തരണം ചെയ്ത്‌ നാട്ടുകാര്യം നോക്കാനുള്ള 'സമയക്കുറവു' തന്നെ പ്രധാന കാരണം...റഷ്യ,ചൈന,പാലസ്തീന്‍,കുവൈത്ത്‌ തുടങ്ങിയ പ്രശ്നങ്ങള്‍ അവന്‍ 'ബുദ്ധിപൂര്‍വ്വം' ഇടപെട്ട്‌ ഒരുവിധം പരിഹരിച്ചതായിരുന്നു..അപ്പോഴാണ്‌ ഇറാഖ്‌ പ്രശ്നം വന്നത്‌..ഇപ്പോഴാണെങ്കില്‍ ഇറാഖില്‍നിന്നും ഒരുനിമിഷം വിട്ടുനില്‍ക്കാന്‍ വയ്യ എന്ന സ്ഥിതിയും..എന്താ ചെയ്യാ.. ഈ ആനക്കാര്യത്തിന്റെ ഇടയിലാണോ വികസനമെന്ന ചേനക്കാര്യം..

നമുക്ക്‌ ഉള്ളത്‌ പോകാതെ നൊക്ക്യാതന്നെ കേമായി..അല്ലെങ്കില്‍തന്നെ എന്തായി...ഒരു സോണ്‍ ചോദിച്ചപ്പൊ ഉള്ള ഡിവിഷന്റെ മുക്കാലും കൊണ്ടുപോയില്ലേ? മിണ്ടാതിരിയ്ക്യാ ഭേദം..!!! തമിഴനും മറാഠിയ്ക്കും ഗുജറാത്തിയ്ക്കും പഞ്ചാബിയ്ക്കും ഒക്കെ നമ്മുടെയത്ര ലോകവിവരമുണ്ടോ..ഈയിടെ ബംഗാളിയ്ക്കുപോലും വിവരം കുറയുന്നു എന്നാണിവര്‍ പറയുന്നത്‌.....മലയാളികളുടെ വികസന കാഴ്ച്ചപ്പാടുകള്‍ വികലമാകുന്നില്ലേ എന്ന് ശത്രുക്കള്‍ ആക്ഷേപിയ്ക്കുന്നു....പോകാന്‍ പറ അവറ്റകളോട്‌...വികസനം വന്നാല്‍ മലിനീകരണമുണ്ടാകും....അതുകൊണ്ട്‌ ദയവുചെയ്ത്‌ ഞങ്ങളെ മാറ്റാന്‍ ശ്രമിയ്ക്കരുതേ... "എന്നെ തല്ലരുത്‌ അമ്മാവാ,ഞാന്‍..........."

ഇപ്പോഴെന്തുതോന്നുന്നു? ഇതല്ലേ മലയാളിയുടെ ശരിയായ വ്യക്തിത്വം..

ഇനിയും ഇതുപോലെ ഒരുപാട്‌ സവിശേഷതകള്‍ മലയാളിയ്ക്കുണ്ട്‌. ഒരു പക്ഷേ ,ഈ സവിശേഷതകളാകാം അവനെ എവിടെപ്പോയാലും 'നാലുകാലില്‍' നില്‍ക്കാന്‍ പ്രാപ്തനാക്കുന്നത്‌....

17 comments:

കൊച്ചുഗുപ്തന്‍ said...

....അല്ലെങ്കില്‍ കുഞ്ഞുണ്ണിമാഷിന്റെ കവിത

ജനിയ്ക്കും തൊട്ടെന്‍ മകന്‌ കൊടിപിടിയ്ക്കണം- അതിനാല്‍
ഭാര്യതന്‍ പേറങ്ങ്‌ നാട്ടില്‍ത്തന്നെയക്കി ഞാന്‍ ....എന്നു മാറ്റി പാടേണ്ടി വരും

rajesh said...

കൊള്ളാം.

മലയാളിക്ക്‌ ഇനിയും ഒരുപാട്‌ "ഗുണങ്ങള്‍ " ഉണ്ടല്ലോ.

- നിയമങ്ങളെ എങ്ങനെ മറികടക്കാം എന്ന ചിന്തയുള്ളവന്‍ മലയാളി.

- മറ്റുള്ളവനെ കുറ്റം പറയുന്നത്‌ ഒരു പ്രധാന ജോലിയാക്കിയിട്ടുള്ളവന്‍ മലയാളി.

- അല്‍പനൈശ്വര്യം വന്നാല്‍ അര്‍ധരാത്രിയും കുട പിടിക്കും എന്നുള്ള ചൊല്ലിനെ "വണ്ടിയോടിക്കുമ്പോഴും മൊബെയില്‍ എടുക്കും" എന്നാക്കിയവന്‍ മലയാളി.

-എവിടെ നല്ലതുണ്ടൊ അതിനെ തള്ളിക്കളഞ്ഞിട്ട്‌, അവരുടെ ചീത്ത വശങ്ങള്‍ അപ്പാടെ വിഴുങ്ങുന്നവന്‍ മലയാളി.

എന്നിങ്ങനെ ധാരാളം.

http://strangemalayalikal.blogspot.com

rajesh said...

പിന്നൊന്നു വിട്ടൂപോയി.

ജനിച്ച നാള്‍ മുതല്‍ പ്രവാസി ആവാന്‍ ആഗ്രഹിക്കുകയും, അതിനു വേണ്ടി സമീപവാസികളായ എല്ലാ പ്രവാസികളുറ്റെയും വീട്ടില്‍ കേറിയിറങ്ങുകയും, ആരുടെയെങ്കിലും പ്രയത്നഫലമായി അക്കരെയെത്തിക്കഴിയുമ്പോള്‍ എല്ലാം മറന്ന് സ്വന്തം കഴിവുകൊണ്ട്‌ ഇവിടെയെത്തി എന്ന മട്ടില്‍ പറഞ്ഞു നടക്കുന്നവന്‍ മലയാളി.

അക്കരെയെത്തിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം നാട്ടില്‍ നിന്നാരും എത്തിപ്പറ്റരുത്‌ എന്ന ആഗ്രഹത്തില്‍ എല്ലാരുമായി ബന്ധം ഉപേക്ഷിക്കുന്നവന്‍.


നമ്മെ അക്കരെയെത്തിച്ചവനു തന്നെ പാര പണിയുന്നവന്‍.

എപ്പൊ കണ്ടാലും/ എഴുതിയാലും "നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍. ഞാന്‍ ഇവിടെ (ഈ മണല്‍ക്കാട്ടിലെ AC രൂമില്‍ ഇരുന്ന്) എന്തു ബുദ്ധിമുട്ടിയാണ്‍ ഈ ലക്ഷങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്‌ എന്നറിയാമോ" എന്നു ചോദിക്കുന്നവന്‍.

ഒരിക്കല്‍ പോലും നാട്ടിലെ തെങ്ങിന്റെയൊ ആലിന്റെയോ മൂട്ടില്‍ കാറ്റും കൊണ്ട്‌ ഇരുന്നിട്ടില്ലെങ്കിലും, ആ നല്ല നാള്‍കളെ ഓര്‍ത്ത്‌ "ഈ ലക്ഷങ്ങള്‍ ഒക്കെ എന്തിന്‌ ഒരിക്കല്‍ പോലും എനിക്ക്‌ മരത്തിന്റെ മൂട്ടില്‍ ഇരുന്ന് കാറ്റ്‌ കൊള്ളാന്‍ പറ്റുന്നില്ലല്ലോ" എന്നു വിലപിക്കുന്നവന്‍ മലയാളി.

ഇത്രയൊക്കെ പറഞ്ഞിട്ടും അവധിക്കു വരുമ്പോള്‍ AC കാറിനകത്തുനിന്ന് ഇറങ്ങാത്തവന്‍ മലയാളി. "വിയര്‍ത്താല്‍ തലനീരിറങ്ങുമെന്ന്" പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ.

(ഇതു വളരെക്കുറച്ച്‌ പ്രവാസി മലയാളികളെ കുറിച്ച്‌ മാത്രമാണ്‌-- ആരെയും വേദനിപ്പിക്കാനോ,ദുഖിപ്പിക്കാനോ വേണ്ടി എഴുതിയതല്ല- പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉള്ള കാര്യങ്ങള്‍ എഴുതി എന്നു മാത്രം)

ഇടിവാള്‍ said...

കൊച്ചുഗുപ്തന്‍,
ലേഖനം വായിച്ചു. ഈ ലേഖനം മൂലം തങ്കള്‍ ഉദ്ദേശിക്കുന്ന ആ “മെസ്സേജ്” എന്താണാനോ..

രാജേഷേ.. കൊട് കൈ! 3 ആം കമന്റു വായിച്ച് ചിരിച്ചു ;)

താങ്കളുടെ ബ്ലോഗിലെ “എന്തേ മല്ലൂസ് ഇങ്ങനേ” യും വായിച്ചു. ചില വിയോജിപ്പുകള്‍ തോന്നിയെങ്കിലും,.... കൊള്ളാം

Peelikkutty!!!!! said...

...അല്‍പ്പമെങ്കിലും ദേവാംശം ഉണ്ടായിരിയ്ക്കണം...അങ്ങനെയാണോ?.....ആ ചിന്ത എനിക്കിഷ്ടായി..
ബാക്കി എല്ലാമൊന്നും യോജിക്കാന്‍ പറ്റൂല്ല:)

കൊച്ചുഗുപ്തന്‍ said...

രാജേഷ്‌:) നന്ദി...അതെ അങ്ങനെ ഒരുപാടുണ്ട്‌...

ഇടിവാളേ.)...പ്രധാന ഉദ്ദേശം ഒരു സ്വയം വിമര്‍ശനം മാത്രം.....

സ്വന്തം ഭാഷയേയും സാംസ്കാരത്തേയും സ്നേഹിയ്ക്കുന്ന നമ്മില്‍ പലരും കണ്ടില്ലെന്നു നടിയ്ക്കുന്ന അല്ലെങ്കില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളിലേയ്ക്ക്‌ വിരല്‍ ചൂണ്ടാന്‍ ശ്രമിയ്ക്കുന്നു...അത്രതന്നെ..

.." പലര്‍ക്കും അസത്യത്തേക്കാള്‍ അപ്രിയം, അപ്രിയമാകുന്ന സത്യത്തോട്‌ തോന്നുമെന്നത്‌" നഗ്നസത്യം മാത്രമാണല്ലോ..അതുകൊണ്ട്‌ ,ചിലയിടത്ത്‌ കുറച്ചു "ആക്ഷേപ" മേമ്പൊടി ചേര്‍ത്തുള്ള കേവലമായ ഒരു അന്വേഷണം മാത്രമായി കണ്ടാല്‍ മതി.... സന്ദേശത്തെപ്പറ്റി നമുക്ക്‌ പിന്നീട്‌ ആലോചിയ്ക്കാം.......നന്ദി...

പീലിക്കുട്ടി:) തേടിയെത്തിയതിന്‌ നന്ദി... എന്തിനോടാണ്‌ യോജിയ്ക്കാന്‍ പറ്റാത്തത്‌?

chithrakaran said...

വളരെ നന്നയിട്ടുണ്ടല്ലോ താങ്കളുടെ ചിന്ത. സ്വയം ശക്തിയാര്‍ജ്ജിക്കാന്‍ വിമര്‍ശനത്തോളം നല്ലൊരു വഴിയില്ല. മലയാളിയുടെ സാംസ്കാരിക ജീര്‍ണതയെ ആഴത്തില്‍ വിമര്‍ശിച്ചാല്‍ കൊച്ചുഗുപ്തനു തന്നെ പൂച്ചക്കു മണി കെട്ടാന്‍ യോഗമുണ്ടാകുമെന്നാണ്‌ ചിത്രകാരന്റെ ബുദ്ധിയില്‍ തോന്നുന്നത്‌.
ദാസ്യ മനോഭാവത്തിന്റെ മാന്യവല്‍ക്കരിക്കപ്പെട്ട അവതാരങ്ങളാണ്‌ ഓരോ മലയാളിയും. ആത്മാഭിമാനം തൊട്ടുതീണ്ടാത്ത ദുരഭിമാനികള്‍ !!

കൃഷ്‌ | krish said...

ഗുപ്താ നന്നായിട്ടുണ്ട്‌, പ്രത്യേകിച്ചും 'വികലാളി'യെക്കുറിച്ചുള്ള പരാമര്‍ശം. 'മലയാലി' എന്നു നന്നാകും??? ഹ.ഹ.

കൃഷ്‌| krish

സാരംഗി said...

നല്ല ലേഖനം കൊച്ചുഗുപ്താ..

"ശരിയ്ക്കും, ആരാണീ മലയാളി?......വ്യവസ്ഥാപിത മതങ്ങളായ ഹിന്ദു,മുസ്ലീം,കൃസ്ത്യന്‍ എന്നിവയേക്കാളും ഒരുപടി മുകളില്‍, 'കേരളീയത' എന്ന മതത്തില്‍ മുറുകെ പിടിയ്ക്കുന്നവരാണ്‌ ശരാശരി മലയാളികളേറെയും. വിഘടനവാദത്തിന്റെ ഭീഷണിയുള്ള ഈ കാലഘട്ടത്തിലും ആ അസ്തിത്വം പേറുന്നവരുടെ എണ്ണം ഒരു വലിയ ശതമാനമാണ്‌ എന്നതാണ്‌ വാസ്തവം.അല്ലെങ്കില്‍ എത്രയോ മുമ്പുതന്നെ കേരളം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ വിളനിലമായി മാറിയേനെ"..

ഈ വരികള്‍ എത്രയോ അര്‍ഥവത്താണു.

വിചാരം said...

നിര്‍ബ്ബന്ധിതമായൊരു അവസ്ഥയില്‍ പ്രവാസിയാവേണ്ടി വന്നൊരു പ്രവാസിയാണ് ഞാന്‍
12 വര്‍ഷ പ്രവാസി അനുഭവങ്ങള്‍ ഒത്തിരിയാണ്

ജോലി വാങ്ങി കൊടുത്തവന് പാരവെയ്ക്കാന്‍ മലയാളിയോളം മിടുക്ക് മറ്റാര്‍ക്കും ഉണ്ടാവില്ല.

കുത്തിത്തിരുപ്പ് ഇതാണ് മലയാളിയുടെ മുഖമുദ്ര ഇതുവഴി കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുക എന്നതും മലയാളി തന്നെ

ദൈവീകത ...
ഒരറബി എന്നോട് പറഞ്ഞ കഥ അതും നമ്മുടെ കേരളത്തെ കുറിച്ച്
കേരളം എങ്ങനെയുണ്ടായി എന്നത് ഐതിഹ്യത്തിലെ പതിരുകള്‍ എന്തോ ആവട്ടെ .. പേര് ദൈവത്തിന്‍റെ സ്വന്തം നാട് എന്നത് നമ്മള്‍ സ്വയം പുകഴ്ത്തി പറഞ്ഞുകൊണ്ട് നടക്കുന്നൊരു സത്യം അതറിഞ്ഞിട്ടാവണം അറബി ഇങ്ങനെയൊരു കണ്ടെത്തല്‍, ഖൈറുള്ള (ദൈവം അനുഗ്രഹിച്ചത് എന്നര്‍ത്ഥം) എന്ന പദം ലോപിച്ചാണ് കേരള എന്നായത് എന്ന് ... ഖൈറുള്ള... ഖറുള്ള ..കേരള .. ഞാന്‍ ചിരിച്ചു ഇത്തിരി വിശദീകരണവും നല്‍കി .. ജോz അല്‍ഹിന്ദ് അഥവാ നാറജീല്‍ എന്നതിന് കേരളത്തില്‍ കേരം എന്നു പറയും നാളീകേരം തിങ്ങി നിറഞ്ഞ പ്രദേശമായതിനാലാണ് കേരളം എന്ന നാമം വന്നത് എന്നാല്‍ അറബിക്കത് ബോധിച്ചില്ല പിന്നെ ഞാനെന്ത് ചെയ്യും .. അതാ ശരി ഖൈറുള്ള എന്നതില്‍ നിന്ന് തന്നെയാണ് കേരളം ഉണ്ടായത് .. അല്ലെങ്കില്‍ മക്കളേ എന്‍റെ പണി പോകും(കൊടി പിടിക്കാന്‍ മാത്രം അറിയുന്ന മലയാളിക്ക് മുന്‍പില്‍ ഞാന്‍ വെറും വടി പിടിക്കേണ്ടി വരും) അറബി മറ്റാരുമല്ലായിരുന്നു എന്‍റെ അന്നത്തെ സ്പോണ്‍സറായിരുന്നു

കൊച്ചുഗുപ്തന്‍ said...

ചിത്രകാരാ:))അഭിനന്ദനത്തിന്‌ നന്ദി..

"ദാസ്യമനോഭാവത്തിന്റെ മാന്യവല്‍ക്കരിയ്ക്കപ്പെട്ട അവതാരമാണ്‌ മലയാളി"........ഇഷ്ടപ്പെട്ടു.......മാനസികമായ അടിമത്തം!!!!

കൃഷ്‌:))..മലയാലി കൊരച്ചു കൊരച്ചു നന്നാവുന്നുന്റല്ലോ--ടി.വി.അവതാരകരിലൂടെ...

താങ്കളെ ഈ വഴി കണ്ടില്ലല്ലോ എന്ന വിഷമത്തിലായിരുന്നു...ഇപ്പൊ മാറി കെട്ടൊ.

സാരംഗി:))താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

വിചാരം:))ശരിയാണ്‌...പ്രവാസിയുടെ വിഹ്വലതകള്‍ പലതും പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്തതാണ്‌.

കേരളത്തെപ്പറ്റിയുള്ള പുതിയ അറിവിന്‌ നന്ദി...

അതെ..എന്താ ചെയ്യാ...ജോലിക്കാരന്‍ കണ്ണടച്ചിരുന്നാല്‍ ഉറങ്ങുകയാണെന്നു പറയും...ഉടമസ്ഥനോ ..അദ്ദേഹം ചിലപ്പോള്‍ ചിന്തിയ്ക്കുകയാവും!!..അല്ലെ ?

Achoos said...

ലേഖനം ഉഷാര്‍. പണ്ടെപ്പോഴോ മലയാളിയെക്കുറിച്ച്‌ സഖറിയയുടെ ഒരു ലേഖനം വായിച്ചിരുന്നു. അതില്‍ അദ്ദേഹം പറയുന്നത്‌ 'മലയാളി' എന്നറിയപ്പെടുന്നതില്‍ അദ്ദേഹത്തിന്‌ അഭിമാനം ഇല്ലത്രേ. അതിന്റെ പ്രധാന കാരണം മലയാളികള്‍ മിക്കവാറും മുഖം മൂടികളണിയാറുണ്ട്‌ എന്നതായിരുന്നു.

ദിവ (diva) said...

രാജേഷിന്റെ രണ്ടാമത്തെ കമന്റ് ആണ് പോസ്റ്റിനേക്കാള്‍ ഇഷ്ടപ്പെട്ടത് (എന്റെ അഭിപ്രായമ്)
പോസ്റ്റില്‍ , കൂടുതലും കാടും പടപ്പും തല്ലുകയായിരുന്നു എന്ന് തോന്നി. (again, അഭിപ്രായം മാത്രം )

തറവാടി said...

ഗുപ്തന്‍,


"വെക്തികള്‍ക്ക് കൊടുക്കുക "

എന്ന പതിവിന്‌ വിപരീതമായാണ്‌

" കേരളം" എന്ന ഒരു പ്രദേശം ഉണ്ടാകിയപ്പോള്‍ ദവം ചെയ്തത്‌.

അദ്ദേഹത്തിന്‌ ഇഷ്ടക്കൂടുതല്‍ കൊണ്ടോ,

കുറവ്` കൊണ്ടോ ,

വെക്തികള്‍ക്ക് മാത്രമായികൊടുത്തിരുന്ന സവിശേഷതകള്‍

ഒരു പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും കൊടുത്തു ,

ദൈവം കൊടുത്ത ഈ സവിശേഷതകള്‍ തന്നെയാണ്‌ മലയാളിയുടെ ശക്തിയും അശക്തിയും എന്നാണ്‌ ഞാന്‍കരുതുന്നത്‌.

അതായത് ,പഞ്ച (നവ?) ഭൂതങ്ങള്‍ക്കും കൊടുക്കേണ്ടിയിരുന്ന ആ ഒരു ആപേക്ഷികത യില്ലാതെ

ബുദ്ധി എന്നതിനു മാത്രം പ്രാധാന്യം കൊടുത്തു.

ഇതാകട്ടെ , എല്ലാം ബുദ്ധിയില്‍കൂടി നോക്കികാണാന്‍ മലയാളിയെ പ്രേരിപ്പിച്ചു

, ഫലമോ

" ദുരഭിമാന ജനനം"


ഈ ദുരഭിമാനമാണ്‌ ഒരു പക്ഷെ അവന്‍റ്റെ പ്രവാസാത്തിലേക്കുള്ള ത്വരക്ക് ഹേതു എന്നു ഞാന്‍ കരുതുന്നു.

കൂനിന്‍മേല്‍ കുരു എന്ന് പറഞ്ഞതു പോലെ , നമ്മുടെ നാടിന്‍റ്റെ ചുറ്റുപാടുകള്‍ അവന്‍റ്റെ ത്വരയെ ഇരട്ടിപ്പിച്ചു.

ഇതിനൊക്കെ പുറമെ ,

അവന്‍റ്റെ ബുദ്ധി ,


വിദ്യ അഭ്യസിക്കാത്തവനും , അഭ്യസിച്ചവനും

തമ്മിലുള്ള വിടവ്‌ അടക്കാന്‍ പണത്തെകൊണ്ടേ പറ്റൂ എന്ന് മനസ്സിലാക്കിയത്‌

പ്രവാസിയായെ രക്ഷയുള്ളൂ എന്ന ഒരു കച്ചിത്തുരുമ്പിലേക്ക് ആളുകളെ ആഘര്‍ഷിച്ചു പ്രതേകിച്ചും വിദ്യഭ്യാസപരമയി പിന്നില്‍ നിന്നവരെ.

ദുരഭിമാനം മലയാളിയെ നശിപ്പിക്കും എന്ന് തിരിച്ചറിഞ്ഞ ദൈവം ,

മറികടക്കാന്‍ വേണ്ടി മറ്റൊരു സവിശേഷതയും കൊടുത്തു

" വിധേയത്വം"

( ഞാന്‍ ഉദ്ദേശിച്ചത്‌ , " adoptbility " യാണ്‌ , വിധേയത്വമ്" അല്ലെങ്കില്‍ തിരുത്തുക!)


എവിടെപോയാലും അവിടത്തെ അന്തരീക്ഷത്തില്‍ ലയിക്കാനുള്ള അവന്‍റ്റെ കഴിവ്‌ അപാരം തന്നെയാണ്‌.

മലയാളിയുടെ ഈ സവിശേഷത അവന്‍റ്റെ പ്രവാസജീവിതത്തെ അര്‍ത്ഥവത്താക്കുകയും , വിജയകരമാക്കുകയും ചെയ്ത്താകട്ടെ ,

വീണ്ടും വീണ്ടും പ്രവാസികളെ സൃഷ്ടിച്ചു! ,

ചുരുക്കത്തില്‍ ,,

ഏറ്റവും ബുദ്ധിയുള്ള ഒരു വിധേയനാകുന്നു മലയാളി

athuNTaakkiya മാറ്റങ്ങളാണ്‌ നമ്മള്‍ ഓരോ മലയാളിയിലും കാണുന്നത്‌!

താങ്കള്‍ പറഞ്ഞ പലതിന്‍റ്റെയും മൂല കാരണവും!

( താങ്കളുടെ എഴുത്ത് പൂര്‍ണ്ണമായോ എന്നൊരു സംശവുമില്ലാതില്ല , കാരണം

ഉദ്ദേശം പുറത്തു വന്നില്ലേന്നൊരു തോന്നല്‍ , ചിലപ്പോള്‍ തോന്നലായിരിക്കാം , പണ്ട് താങ്കളെഴുതിയ കവിതപോലെ! , ഏതെന്നു ചോദിച്ചു വരല്ലെ , ഞാന്‍ പറയൂല്ല!)


"മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമായി വിവിത മതസ്ഥരുടെ ഇടകലര്‍ന്നുള്ള ആവാസവ്യവസ്ഥയും,കേരളത്തിലെ ഈ മതങ്ങളുടെ ആവിര്‍ഭാവകാലത്തെ ചരിത്രപരമായ സവിശേഷതകളാലും വന്നു ഭവിച്ച ഈ മതനിരപേക്ഷ മനോഭാവം കൊണ്ട്‌ മലയാളികളെ അത്ര എളുപ്പത്തില്‍ മതപരമായി ഭിന്നിപ്പിയ്ക്കാന്‍ കഴിയാതെ വരുന്നു എന്നതാണ്‌ ഈ അസ്തിത്വത്തിന്റെ കാതല്‍..."

ഈ നിരീക്ഷണം നന്നായി , വളരെ നല്ലത്

കൊച്ചുഗുപ്തന്‍ said...

അച്ചൂസ്‌:))..ശരിയാണ്‌.സക്കറിയയുടെ നിഗമനം പോലെയുള്ള മുഖംമൂടിക്കാര്‍ക്കാണല്ലോ നമുക്കിടയില്‍ പ്രിയമേറുന്നത്‌!!!!

നന്ദി...ഈ പൂമുഖത്തെത്തിനോക്കിയതിന്‌..

ദിവാ:))...സ്വാഗതം...രാജേഷിന്റെ കമന്റ്‌ എനിയ്ക്കും ഇഷ്ടപ്പെട്ടു...

പിന്നെ ഈ കുറിപ്പെഴുതുമ്പോള്‍ ഉദ്ദേശിച്ചത്‌ ,മിതമായ വിമര്‍ശനത്തിലൂന്നി(കൈയടി പ്രതീക്ഷിയ്ക്കാതെയുള്ള),ക്രോഡീകരിച്ചുള്ള പൊതുവായ ഒരു അവലോകനമായിരുന്നു. ....(മുകളിലത്തെ, "പീലിക്കുട്ടിയു"ടെ താഴയുള്ള കമന്റ്‌ കൂടി ശ്രദ്ധിയ്ക്കുമല്ലോ.)

..തുറന്നുള്ള അഭിപ്രായത്തിന്‌ നന്ദി..

തറവാടീ:))..അതെ....
ദുരഭിമാനവും വിധേയത്വവും ...ഇവ രണ്ടും ഇന്നത്തെ മലയാളികളുടെ കൂടെപ്പിറപ്പുകള്‍ തന്നെ....അവന്‍ അതിനോട്‌ നിരന്തരം പോരാടിക്കൊണ്ടിരിയ്ക്കുന്നു..അതില്‍ ചിലര്‍ക്ക്‌ ആ തോട്‌ പൊളിച്ചു പുറത്തു വരാന്‍ സാധിയ്ക്കുന്നു...മറ്റു ചിലര്‍ അതുതന്നെ ഭൂഷണമായി കൊണ്ടുനടക്കുന്നു..ബാക്കിയുള്ളവരോ ജീവിതകാലം മുഴുവനും സാമൂഹ്യവും മാനസികവുമായുള്ള ഈ പോരാട്ടത്തില്‍ ഹോമിയ്ക്കപ്പെടുന്നു.......

..എന്തായാലും ഇക്കാര്യങ്ങള്‍ ബ്ലോഗര്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്നു എന്നതുതന്നെ വലിയ കാര്യമായി തോന്നുന്നു....

...നന്ദി..

അപ്പു said...

കൊച്ചുഗുപ്താ, താങ്കളുടെ നിരീക്ഷണങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. നന്നായി ഈ ലേഖനം

കൊച്ചുഗുപ്തന്‍ said...

അപ്പു..:))..ഈ പൂമുഖത്തെത്തി അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി...