December 28, 2006

ചില "സ്വ"കാര്യങ്ങള്‍ !!

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഒരു തിരിച്ചുപോക്കിന്‌ തയ്യാറെടുക്കുകയാണോ?..... മലയാളികളുടെ ഈ സ്വ(ന്തം)കാര്യങ്ങള്‍ ഒന്ന് ഉറക്കെ ചിന്തിച്ചോട്ടെ.

ഒരിയ്ക്കല്‍ ഭ്രാന്താലയമെന്ന് അധിക്ഷേപിച്ചിരുന്ന നാട്ടില്‍, സംസ്ഥാനരൂപീകരണത്തിനുശേഷം അന്‍പതുകളിലേയും അറുപതുകളിലേയും സര്‍ക്കാരുകളുടേയും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടേയും പ്രവര്‍ത്തനങ്ങളുടേയും ദീര്‍ഘവീക്ഷണത്തിന്റേയും ഫലമായി, വികസിത രാജ്യങ്ങള്‍ പോലും ആശ്ചര്യപ്പെടുന്ന വിധത്തില്‍ സാമൂഹ്യനിലവാര സൂചിക വര്‍ദ്ധിപ്പിച്ച്‌ ലോകരാജ്യങ്ങളെ അദ്ഭുതപ്പെടുത്താന്‍ സാധിച്ചു.പൊതുജനാരോഗ്യ രംഗത്താകട്ടെ, സാര്‍വ്വത്രിക വിദ്യാഭാസത്തിന്റെ കാര്യത്തിലാകട്ടെ, മലയാളി കരസ്ഥമാക്കിയ അഭിവൃദ്ധി മറ്റു സംസ്ഥാനങ്ങള്‍ മാതൃകായായിപ്പോലും സ്വീകരിച്ചു.......

എന്നാല്‍ പിന്നീട്‌ സംഭവിച്ചത്‌ (സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതും) എന്താണ്‌? മുന്നേറിയെന്ന് ധരിച്ചിരുന്ന പല രംഗങ്ങളിലും മലയാളിയുടെ മേല്‍ക്കോയ്മ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.. വിദ്യാഭാസ രംഗത്തായാലും - അല്ലെങ്കിലും നാം സാക്ഷരതെയായിരുന്നല്ലോ വിദ്യാഭ്യാസമായി മൊഴിമാറ്റി അവതരിപ്പിച്ചുകൊണ്ടിരുന്നത്‌-ആരോഗ്യ രംഗത്തായാലും നേടിയ മുന്‍കൈ നിലനിര്‍ത്തിക്കൊണ്ടുപോരുന്നതില്‍ നാം പിറകോട്ടുപോയി..അല്ലെങ്കില്‍ ആ രംഗങ്ങളില്‍ മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ പാത പിന്‍തുടര്‍ന്ന് നമ്മളെ പിന്‍തള്ളി മുന്നിലെത്തിയിരിയ്ക്കുന്നു(എത്തിക്കൊണ്ടിരിയ്ക്കുന്നു)....അതുകൊണ്ട്‌ വളരെ പ്രകീര്‍ത്തിയ്ക്കപ്പെട്ട നമ്മുടെ ആ മാതൃകയ്ക്ക്‌ ഒരു വിചിന്തനം ആവശ്യമായി വന്നിരിയ്ക്കുന്ന കാലഘട്ടമാണ്‌ സംജാതമായിരിയ്ക്കുന്നത്‌....

ഐക്യരാഷ്ട്രസഭ പോലും പ്രശംസിച്ച ആ മാതൃകയുടെ മൂലഹേതു,അന്‍പത്തേഴിലെ, കേരളം ഇന്നേവരെ കണ്ട മികച്ച മന്ത്രിസഭയായ, ഈ.എം.എസ്‌ മന്ത്രിസഭയുടെ നേതൃത്വത്തില്‍ നടന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ദൂരവ്യാപകമായ ഫലങ്ങളാണ്‌. ഭൂപരിഷ്ക്കരണവും സാര്‍വ്വത്രിക വിദ്യാഭ്യാസവുമടക്കം പല മേഖലകളിലും സംസ്ഥാനം ബഹുദൂരം മുന്നോട്ടുപോയി. എന്നാല്‍ കലക്രമേണ ഈ നേട്ടങ്ങള്‍ നേട്ടങ്ങളായിത്തന്നെ നിലനിര്‍ത്തി പുതിയ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ നമുക്കെവിടേയോ പാളിച്ച പറ്റി.അതില്‍ എടുത്തുപറയേണ്ടുന്ന ഒരു വസ്തുത, എഴുപതുകള്‍ക്കുശേഷം വന്ന സര്‍ക്കാരുകളുടെ പ്രതിഭാ ദാരിദ്ര്യവും വികലമായ പദ്ധതിയാസൂത്രണങ്ങളും ഇതില്‍ പ്രധാന പങ്കു വഹിച്ചു എന്നതാണ്‌.. ഭൂപരിഷ്ക്കരണം കൊണ്ട്‌ ഒരുപാട്‌ നേട്ടങ്ങളുണ്ടായെങ്കിലും കാര്‍ഷികവൃത്തിയ്ക്കുള്ള ഭൂമിയുടെ വിസ്തൃതി കുറഞ്ഞത്‌ ഉല്‍പ്പാദനമേഖലയെ സാരമായി ബാധിയ്ക്കുകയും അതിന്‌ പ്രതിവിധി കല്‍പ്പിയ്ക്കാന്‍ നമ്മുടെ ആസൂത്രണവിദഗ്ദ്ധര്‍ക്ക്‌ കഴിയാതെപോകുകയും ചെയ്തു..തീര്‍ത്തും കാര്‍ഷികവൃത്തിയെ ആശ്രയിച്ചിരുന്ന നമ്മുടെ സമ്പത്ത്‌ വ്യവസ്ഥയെ ഇത്‌ തകരാറിലാക്കി..പിന്നീട്‌ ഈ അവസ്ഥയില്‍നിന്നും കരകയറിയത്‌, മലയാളിയ്ക്ക്‌ വിദേശങ്ങളില്‍, പ്രത്യേകിച്ചും ഗള്‍ഫ്‌ മേഖലയില്‍ ലഭിച്ച അവസരങ്ങളിലൂടെയായിരുന്നു.അഥവാ അന്നത്തെ സാഹചര്യത്തില്‍ അവസരങ്ങള്‍ തേടിപ്പോകാന്‍ അവനെ നിര്‍ബന്ധിതനാക്കി....ഇന്നും നമ്മുടെ സമ്പത്ത്‌ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക്‌, പ്രവാസികള്‍ നാട്ടിലേയ്ക്കയയ്ക്കുന്ന പണത്തിനുണ്ടെന്നുള്ളതിന്‌ തെളിവാണല്ലോ "മണിയോര്‍ഡര്‍ എക്കോണമി" എന്ന് മറുദേശക്കാര്‍ നമ്മുടെ സമ്പത്‌ വ്യവസ്ഥയെ കളിയാക്കുന്നത്‌.....

ഇത്തരുണത്തില്‍, കേരളത്തെപ്പറ്റി ഒരു "ശദൗഭീ" വിശകലനം ( ശക്തി-ദൗര്‍ബല്യം-അവസരങ്ങള്‍-ഭീഷണി - SWOT Analysis ) നടത്തിനോക്കുന്നത്‌ ഉചിതമായിരിയ്ക്കുമെന്നു തോന്നുന്നു.........ഈ പദം ശബ്ദതാരാവലിയിലേയ്ക്ക്‌ ശുപാര്‍ശ ചെയ്യുന്നു...??????

ശക്തി:-
കേരളത്തെ സംബന്ധിച്ചിടത്തോളം ശക്തി എന്നു പറയാനായി പല ഘടകങ്ങള്‍ ഉണ്ട്‌..അവയില്‍ പ്രധാനമായവ:

* പ്രകൃതി കനിഞ്ഞനുഗ്രഹിച്ച , 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന വിശേഷണം അന്വര്‍ത്‌ഥമാക്കുന്ന, ഭൂപ്രദേശം..

* മലനാടുമുതല്‍ തീരപ്രദേശം വരെ ഒഴുകിയെത്തുന്ന 41 നദികളും പശ്ചിമഘട്ടത്തിന്റെ മറുപുറത്തേയ്ക്കൊഴുകിപ്പോകുന്ന മറ്റ്‌ 3 നദികളും അടക്കം 44 നദികളുടെ ( പലതും വണ്ണത്തില്‍ ശോഷിച്ചുപോയെങ്കിലും എണ്ണത്തില്‍ കുറവു വന്നിട്ടില്ല..) സമ്പന്നമായ തടപ്രദേശങ്ങള്‍.

* ഉയര്‍ന്ന സാക്ഷരതാ ശതമാനവും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാര സൂചികയും..

* മാനവവിഭവശേഷിയുടെ ആവശ്യാനുസൃതമായ ലഭ്യത..

* ഒരു കോടിയോളം വരുന്ന, മറുനാട്ടിലേയും വിദേശത്തേയും അടക്കമുള്ള പ്രവാസി മലയാളികളുടെ, സ്വദേശത്തോടുള്ള മാനസികമായ അഭിനിവേശവും സാമ്പത്തികമായ പിന്തുണയും..

ഈ പട്ടിക അങ്ങനെ നീണ്ടുപോകുന്നു....

ഈ ശക്തികളെ കണ്ടറിഞ്ഞ്‌ അവയ്ക്കനുയോജ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നാം ഇനിയും ഒരുപാട്‌ മുന്നോട്ടുപോകേണ്ടിയിരിയ്ക്കുന്നു...

ദൗര്‍ബല്യം:-

* അടിസ്ഥാനസൗകര്യങ്ങളുടെ,പ്രത്യേകിച്ച്‌ റോഡ്‌,റെയില്‍ ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും ഉള്ളവയുടെ ശോചനീയാവസ്ഥയും......

ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നു പറഞ്ഞപോലെ, ആ ഇടുങ്ങിയ റോഡുകള്‍ കണ്ടാലറിയാം നമ്മുടെ മാനസികാവസ്ഥയും എന്നാണ്‌ ഇപ്പോഴത്തെ സ്ഥിതി...കുറച്ചു നാള്‍ മുമ്പുവരെ എക്സ്പ്രസ്സ്‌ പാതയെന്നും പിന്നീട്‌ തെക്കു വടക്കു പാതയെന്നും ഒക്കെ കേട്ടിരുന്നു...ഇപ്പോള്‍ എല്ലാം ശാന്തം!!ചുരുങ്ങിയത്‌ , ഇപ്പോഴുള്ള ദേശീയ പാതകള്‍ നാലുവരിയാക്കുകയും എല്ലാ താലൂക്കാസ്ഥാനങ്ങളേയും ബന്ധിപ്പിച്ച്‌ നേര്‍പാതകളുടെ ഒരു ശൃംഖലയ്ക്കായി ശ്രമിയ്ക്കുകയും ചെയ്താല്‍ കേരളം മൊത്തത്തില്‍ ഒരു മഹാനഗരമായിക്കാണാവുന്ന സ്ഥിതിവിശേഷം സംജാതമാകുകയും വികേന്ദ്രീകൃതമായ വികസനം പ്രാവര്‍ത്തികമാക്കുകയും ചെയ്യാം....

എന്നാലിപ്പോള്‍ നമ്മള്‍ ചെയ്യുന്നതോ നേരെ തിരിച്ചും..അടുത്തുതന്നെ രണ്ടോ മൂന്നോ വിമാനത്താവളങ്ങള്‍കൂടിയുണ്ടായേയ്ക്കാം..ഫലമോ ഗള്‍ഫില്‍ നിന്നും കേരളത്തിലെത്താന്‍ രണ്ടു മണിക്കൂര്‍.പക്ഷേ അവിടെനിന്നും വീട്ടിലെത്താന്‍ മൂന്നു മണിക്കൂര്‍ !!( നമ്മുടെ സൗഭാഗ്യത്തിന്‌ വല്ല ഉത്സവദിവസങ്ങളിലാണ്‌-ബന്ദ്‌ തുടങ്ങിയ- വന്നെത്തിയതെങ്കില്‍ പിന്നെ 24 മണിക്കൂര്‍ അല്ലെങ്കില്‍ 48 മണിക്കൂര്‍ ..കാരണം അന്ന് ഈച്ച പോലും യാത്ര ചെയ്യാറില്ലല്ലോ..)

* മാനസികമായ അടിമത്തം:-

കാക്കയ്ക്കുപോലും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞാണെന്നിരിയ്ക്കെ,എന്തുകൊണ്ടോ മലയാളിയ്ക്ക്‌ അവന്റെ ഭാഷയോടും സംസ്കാരത്തോടും പണ്ടുമുതലേ ഒരവജ്ഞ..ഒരുപക്ഷെ അത്‌ ഇപ്പോഴും തുടര്‍ന്നുവരുന്ന, മെക്കാളെ പ്രഭുവിന്റെ വികലമായ വിദ്യാഭ്യാസരീതിയുടെ പ്രശ്നമാകാം...അത്‌ മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകണമെന്നില്ല..ഇന്നത്തെ ചുറ്റുപാടില്‍ വളര്‍ന്നുവരുന്ന ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ മലയാള ഭാഷയേയും സംസ്കാരത്തേയും പറ്റിയുള്ള ആ മ്ലേച്ഛമായ ധാരണ തന്നെ ധാരാളം..

അതു മാറി,ആഗോളഭാഷയായ ഇംഗ്ലീഷിനൊപ്പം മാതൃഭാഷയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നല്‍കി,നാലാം തരം വരെ മാദ്ധ്യമം മാതൃഭാഷയായി നിജപ്പെടുത്തുകയും ഒന്നാം തരം മുതല്‍ ഇംഗ്ലീഷ്‌ പഠനം തുടങ്ങിയും, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തില്‍ ട്രേഡ്‌ പരിശീലനം നിര്‍ബ്ബന്ധമാക്കിയും വിദ്യാഭ്യാസ രംഗത്ത്‌ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍, സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തുവരുന്ന ഒരു കുട്ടിയ്ക്കും ജീവിതത്തിനുമുമ്പില്‍ പകച്ചു നില്‍ക്കേണ്ടിവരില്ല..മാത്രമല്ല അത്‌ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കൊരു പരിഹാരമാകുകയും ചെയ്യും..ചിലപ്പോള്‍ ഒരു പുതിയ തൊഴില്‍ സംസ്കാരത്തിനുതന്നെ അടിത്തറയാകാനും മതി..കാരണം ഇപ്പോഴും നമ്മള്‍ മിക്കവാറും പേരും മറ്റുള്ളവര്‍ക്കു കീഴില്‍ പണിയെടുക്കാനാണല്ലൊ ഇഷ്ടപ്പെടുന്നത്‌. അതുകൊണ്ടുതന്നെ,പഞ്ചാബിയും തമിഴനും ഗുജറാത്തിയും സിന്ധിയും ഒക്കെ അവരുടെ വ്യാവസായിക സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയപ്പോള്‍ നമ്മള്‍ ഇപ്പോഴും പുറം നാടുകളില്‍ നല്ല അനുസരണയുള്ള ജോലിക്കാരായി സംതൃപ്തിപ്പെടുന്നു.....അവിടവിടെയായി ഏതാനും ചില മലയാളി സംരംഭകര്‍ ഇല്ലെന്നല്ല.....

* മാറ്റങ്ങളോടുള്ള എതിര്‍പ്പ്‌:-

ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മാറ്റങ്ങള്‍ക്ക്‌ വിധേയമാണെന്നും, മാറ്റാന്‍ പറ്റാത്തതായി ഈ ഭൂമുഖത്ത്‌ ഒന്നും തന്നെയില്ല എന്നും അടിവരയിടുന്ന മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ക്ക്‌ വളക്കൂറുള്ള മണ്ണായ കേരളത്തിലാണ്‌ മാറ്റങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പനുഭവപ്പെടുന്നത്‌ എന്നത്‌ തികച്ചും വിരോധാഭാസമായി തോന്നിയേക്കാം--ഇക്കാര്യത്തില്‍ കക്ഷിഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടാണ്‌.എതിര്‍പ്പ്‌ പ്രതിപക്ഷത്താകുമ്പോഴാണ്‌ എന്ന വ്യത്യാസം മാത്രം.....

ഇതിലേയ്ക്കേറെ സംഭാവന ചെയ്യാനുള്ളത് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ്. എന്നവര്‍ അവരുടെ പ്രവര്‍ത്തന മേഖല, പ്രചുര പ്രചാരം സിദ്ധിച്ച സോഷ്യലിസ്റ്റ് ആശയത്തിലധിഷ്ഠിതമായി, ആഴത്തില്‍ വേരൂന്നിയ ഭാരതീയ സാംസ്കാരിക ദര്‍ശനങ്ങളുടെ കാഴ്ചപ്പാടില്‍ ചിട്ടപ്പെടുത്തി മുന്നോട്ടു പോകുന്നുവോ അന്നായിരിയ്ക്കും കേരളത്തിന്റെ ശരിയായ ദിശയിലുള്ള വികസനം സാദ്ധ്യമാകുന്നത്.

* ദുരഭിമാനം:-

എല്ലാം അറിയുന്നവന്‍ ഞാന്‍ - എന്ന രീതിയിലുള്ള പെരുമാറ്റം, പ്രത്യേകിച്ച്‌ അന്യ നാട്ടുകാരോടും ദേശക്കാരോടും.... ഇത്തരം ദുരഭിമാനവും , നമ്മുടെ മുഖമുദ്രയായി മാറിക്കൊണ്ടിരിയ്ക്കുന്ന പുച്ഛവും ഇവയുടെ ഉപോല്‍പ്പന്നമായ മൂല്യച്യുതിയും ചേര്‍ന്നാല്‍ പിന്നെ ചേരുംപടി ചേര്‍ന്നപോലെയായി.... പിന്നീടുള്ള അവസ്ഥയോ? ഒരടി മുന്നോട്ട്‌ രണ്ടടി പിന്നോട്ട്‌ !!!!!...

നാം അക്ഷരംപ്രതി അനുസരിയ്ക്കുന്ന ഒരു ചൊല്ലുണ്ട്‌..കാണം വിറ്റും ഓണം ഉണ്ണണം എന്നത്‌....ചെറിയ മാറ്റങ്ങളോടെയാണെങ്കിലും അത്‌ ആത്‌മാര്‍ത്‌ഥതയോടെ പിന്തുടരുന്നു. അതെ.... നാം കൃഷിയിടം വിറ്റ്‌ വീടുവെയ്ക്കുന്നു ...വീട്‌ വിറ്റ്‌ മക്കളെ കെട്ടിയ്ക്കുന്നു.... കെട്ടിച്ചുവിട്ട മക്കളോ, വഴിയാധാരമായ ഇവരെ ശരണാലയത്തിലെത്തിയ്ക്കുന്നു. അങ്ങനെ അവരുടെ ജീവിത ചക്രത്തിന്‌ ശുഭപര്യവസാനം !!!

നമ്മുടെ അയല്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രയോ ഭേദമെന്ന് തോന്നുന്നു..വടക്കേ ഇന്ത്യക്കാരും..കുടുംബബന്ധങ്ങള്‍ക്ക്‌ ഇപ്പോഴും ദൃഡതയും ഊഷ്മളതയും കാത്തുസൂക്ഷിയ്ക്കുന്നു.

മനസ്സിന്‌ കെട്ടുറപ്പ്‌ വരേണ്ടത്‌ കുടുംബത്തില്‍നിന്ന്. കുടുംബത്തിനോ? നാട്ടില്‍നിന്നും. നാടിന്റെ കെട്ടുറപ്പ്‌ ആ ദേശത്തിന്റെ സംസ്കാരത്തില്‍നിന്നും പൈതൃകത്തില്‍ നിന്നും....അപ്പോള്‍ നാം തിരിച്ചും അവിടെനിന്നും തുടങ്ങേണ്ടിയിരിയ്ക്കുന്നു....

അവസരങ്ങള്‍:-

അനന്തമായ സാദ്ധ്യതകളും അവസരങ്ങളുമാണ്‌ മലയാളിയ്ക്കുമുന്നില്‍ തുറന്നുവന്നിരിയ്ക്കുന്നത്‌.പ്രത്യേകിച്ചും തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ ലോകം മുഴുവനും ആഗോളവല്‍ക്കരണത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുമ്പോള്‍. വികസിത രാജ്യങ്ങളേക്കാളുപരി വികസ്വര രാജ്യങ്ങള്‍ക്കാണ്‌ അതിന്റെ ഫലങ്ങള്‍ കൂടുതലും (നല്ലതും കെട്ടതും)അനുഭവിയ്ക്കേണ്ടിവരുന്നത്‌.

അതെ. ഇത്‌ മാറ്റത്തിന്റെ വസന്തകാലമാണ്‌. എല്ലാ മേഖലകളിലും പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുന്നു. അതിന്റെ നല്ല വശങ്ങളെ സ്വായത്തമാക്കി ദൂഷ്യവശങ്ങളെ തന്റേടത്തോടെ തിരസ്ക്കരിയ്ക്കാനുള്ള ആര്‍ജ്ജവം കാണിയ്ക്കുന്ന രാജ്യങ്ങള്‍ അതിവേഗം മുന്നേറിക്കൊണ്ടിരിയ്ക്കുന്നു. ഭാരതം അതില്‍ പൂര്‍ണ്ണമായും വിജയിച്ചുവോ എന്നത്‌ ഇപ്പോഴും തര്‍ക്കവിഷയമാണെങ്കിലും വിവരസാങ്കേതികമേഖലയിലും തുടര്‍ന്ന് ഇപ്പോള്‍ ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകളിലും സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന അതിവേഗപാതയിലുള്ള വികസനപദ്ധതികള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്‌ , അന്തര്‍ദ്ദേശീയ തലത്തില്‍ നാം ചൈനയുടെ തൊട്ടുപിന്നില്‍ത്തന്നെയുണ്ടെന്നാണ്‌.. പക്ഷെ, ഈ രണ്ടു മേഖലകളിലും ചൈന കൈവരിച്ച നേട്ടം അമ്പരപ്പിയ്ക്കുന്നതാണ്‌, ഭാഷയുടേയും സ്കില്ലിന്റേയും പരിമിതി ഉണ്ടായിരുന്നിട്ടുകൂടി..

കേരളത്തോളം വലിപ്പമുള്ള ഒരു കൊച്ചു രാജ്യമായ തായ്‌ലാണ്ടിന്റെ ഓട്ടോ കോമ്പൊണന്റ്‌ കയറ്റുമതി 3 ബില്ല്യണ്‍ ഡോളറായിരുന്നപ്പോള്‍ ഇന്ത്യയുടെ ഈ രംഗത്തുള്ള മൊത്തം കയറ്റുമതി വെറും ഒരു ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു , രണ്ടുവര്‍ഷം മുമ്പുവരെ...ഇതില്‍ നിന്നുതന്നെ മുന്നിലുള്ള അവസരങ്ങള്‍ എത്രയാണെന്നു മനസ്സിലാക്കാം, പ്രത്യേകിച്ചും ലോകത്തെ പ്രധാനപ്പെട്ട മിക്കവാറും എല്ലാ വാഹനനിര്‍മ്മാതാക്കളും കോമ്പൊണെന്റ്‌ സോഴ്‌സിങ്ങിനായി ഇന്ത്യയെ ആശ്രയിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്ന ഈ സന്ദര്‍ഭത്തില്‍...

ഭാരതത്തിന്റെ പൊതുവെയുള്ള സ്ഥിതി ഇതാണെങ്കില്‍ കേരളത്തിന്റെ സ്ഥിതിയോ?... ഇപ്പോള്‍ പരിതാപകരം എന്നല്ലാതെ എന്തു പറയാന്‍? ...കെല്‍ട്രോണിലൂടെയും ടെക്നോപാര്‍ക്കിലൂടെയും നാം മറ്റുള്ളവര്‍ക്ക്‌ മാതൃകയായി. പിന്നീടോ, മറ്റുള്ളവര്‍ നമ്മളെ ബഹുദൂരം പിന്നിലാക്കിക്കളഞ്ഞു. ഈയിടെയായി ചെറിയ മാറ്റങ്ങള്‍ കാണുന്നു എന്നുള്ളതാണ്‌ ഒരു വെള്ളിരേഖയായി അനുഭവപ്പെടുന്നത്‌.

നമ്മളും കാലക്രമേണ ഇസങ്ങളുടെ താത്വികമായ ചട്ടക്കൂട്ടില്‍നിന്നും പ്രായോഗികതയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളെപ്പറ്റി ചിന്തിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നുവോ?...വലിയ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ ഭൂമിലഭ്യതയില്‍ പരിമിതിയുള്ള കേരളത്തിന്‌ അനുയോജ്യമായിട്ടുള്ളത്‌ വിവരസാങ്കേതികതയും ഇലക്ട്രോണിക്സും സേവനമേഖലയും ആയതിനാല്‍, എല്ലാ ഗ്രാമങ്ങളേയും ബന്ധിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ സംവിധാനം വരുമ്പോഴാണ്‌ ഉദ്ദേശിച്ച ഫലം സാദ്ധ്യമാകുന്നത്‌....

പിന്നെയുള്ളത്‌ വിനോദസഞ്ചാരമേഖലയാണ്‌...പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മലഞ്ചെരിവുകളും പച്ചപ്പു ഇനിയും നശിച്ചിട്ടില്ലാത്ത പാടശേഖരങ്ങളും തോടും പുഴയും കായലുകളുടെ മാസ്മരശക്തിയും സര്‍വ്വോപരി, ചൈന കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ്‌ ഭരണം നടക്കുന്ന ഏതാനും സ്ഥലങ്ങളില്‍ ഒന്നായ കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട്‌"ആയി ആഗോളതലത്തില്‍ അവതരിപ്പിച്ച്‌ അംഗീകരിപ്പിയ്ക്കാനുള്ള നമ്മുടെ വിപണന ചാതുര്യവും ഒത്തുചേര്‍ന്നപ്പോള്‍ , സഞ്ചാരികള്‍ അവശ്യം കണ്ടിരിയ്ക്കേണ്ട ലോകത്തെ പത്തു പ്രദേശങ്ങളില്‍ ഒന്നായി നമ്മുടെ കൊച്ചുകേരളം മാറിക്കൊണ്ടിരിയ്ക്കുന്നു എന്നതുതന്നെ ഈ രംഗത്ത്‌ നാം കൈവരിച്ചുകൊണ്ടിരിയ്ക്കുന്ന പുരോഗതിയുടെ ദൃഷ്ടാന്തമാണ്‌. അതുകൊണ്ടുതന്നെ ഇനിയുള്ള കാലങ്ങളില്‍ അനന്തമായ സാദ്ധ്യതകളാണ്‌ ഈ രംഗത്ത്‌ കേരളത്തെ തേടിയെത്താന്‍ പോകുന്നത്‌..

ഇവിടേയും ആവശ്യമായിട്ടുള്ളത്‌, വികസനത്തിന്റെ ഉപോല്‍പ്പന്നമായ മൂല്യച്യുതിയുടെ കടന്നുകയറ്റത്തെ ചെറുക്കുകയെന്നുള്ളതാണ്‌...ആ മേഖലയിലാണ്‌ ഇടതുപക്ഷത്തിന്റെ ആത്‌മാര്‍ത്‌ഥമായ ഇടപെടല്‍ ആവശ്യമായിട്ടുള്ളത്‌..

ഭീഷണികള്‍:-

ഈ അവസരങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ തരണം ചെയ്യേണ്ട ഭീഷണികള്‍ പലതരത്തിലുള്ളതായിരിയ്ക്കും...പ്രധാനമായും സാമ്പത്തികം ഒരു പ്രതിബന്ധമായിരിയ്ക്കാം..എങ്കിലും അതിലുപരി ഭൂരിപക്ഷം മലയാളികളുടെ, എന്തിനേയും സംശയത്തോടെ മാത്രം വീക്ഷിയ്ക്കാന്‍ ശീലിച്ചിട്ടുള്ള മനസ്സും ഒരു പ്രധാന കടമ്പ തന്നെ...

ഇത്‌ തരണം ചെയ്യാന്‍ വേണ്ടത്‌ , കേരളത്തെപ്പറ്റി ചിന്തിയ്ക്കുന്ന , കേരളീയതയിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന ഒരു രാഷ്ട്രീയനേതൃത്വത്തിനുണ്ടായിരിയ്ക്കേണ്ട ഇച്ഛാശക്തിയാണ്‌. ഇതുണ്ടായാല്‍ മറ്റു ഭൗതിക സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന ഭീഷണികളെയെല്ലാം അനായാസം തരണം ചെയ്യാം എന്ന് ഉറപ്പിയ്ക്കാം. കാരണം വളരെ വ്യക്തമായി ഈയിടെ നമ്മുടെ ആദരണീയനായ രാഷ്ട്രപതി പറയുകയുണ്ടായി...."നിങ്ങള്‍ക്ക്‌ വിലമതിയ്ക്കാനാവാത്ത ഭൂപ്രദേശങ്ങളും പ്രകൃതിസ്രോതസ്സുകളും കാര്യശേഷിയുള്ളവരും പ്രബുദ്ധരുമായ ഒരു ജനതതിയുമുള്ളപ്പോള്‍, വികസിത സംസ്ഥാനമാകാന്‍ ഇനി വേറെയെന്തു വേണം"എന്ന്‌...

അതെ...എവിടെപ്പോയാലും "രണ്ടായാല്‍ ഒന്നാകുകയും മൂന്നായാല്‍ രണ്ടാകുകയും " ചെയ്തുകൊണ്ട്‌ ഗണിതശാസ്ത്രത്തിന്റെ പ്രോഗ്രെഷന്‍ സിദ്ധാന്തത്തിന്‌ മുതല്‍ക്കൂട്ടായി മുന്നേറിക്കൊണ്ടിരിയ്ക്കുന്ന നമുക്ക്‌(സംഘടനാതലത്തിലെങ്കിലും) പുതിയൊരു സിദ്ധാന്തം കണ്ടുപിടിയ്ക്കേണ്ട സമയമായിരിയ്ക്കുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ അതു തന്നെയായിരിയ്ക്കാം നമ്മുടെ ശക്തിയും, മറ്റുള്ളവരില്‍നിന്നും നമ്മെ വേര്‍തിരിച്ചുനിര്‍ത്തുന്നതും........ഈ പുതുവര്‍ഷാരംഭത്തില്‍ ഇത്തരം ചിന്തകള്‍ക്ക്‌ പ്രസക്തിയുണ്ടാകും എന്ന ശുഭാപ്തിവിശ്വാസത്തോടെ...........

എല്ലാവര്‍ക്കും നവവല്‍സരാശംസകള്‍!!!!!!!!!!!!

7 comments:

കൊച്ചുഗുപ്തന്‍ said...

.......നമ്മുടെ അയല്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രയോ ഭേദമെന്ന് തോന്നുന്നു..വടക്കേ ഇന്ത്യക്കാരും..കുടുംബബന്ധങ്ങള്‍ക്ക്‌ ഇപ്പോഴും ദൃഡതയും ഊഷ്മളതയും കാത്തുസൂക്ഷിയ്ക്കുന്നു.മനസ്സിന്‌ കെട്ടുറപ്പ്‌ വരേണ്ടത്‌ കുടുംബത്തില്‍നിന്ന്. കുടുംബത്തിനോ? നാട്ടില്‍നിന്നും. നാടിന്റെ കെട്ടുറപ്പ്‌ ആ ദേശത്തിന്റെ സംസ്കാരത്തില്‍നിന്നും പൈതൃകത്തില്‍ നിന്നും.. അപ്പോള്‍ നാം തിരിച്ചും അവിടെനിന്നും തുടങ്ങേണ്ടിയിരിയ്ക്കുന്നു....


..എല്ലാവര്‍ക്കും നവവല്‍സരാശംസകള്‍!!!!!!!!!!!!

സു | Su said...

നല്ല കാര്യങ്ങള്‍.

ചില കാര്യങ്ങള്‍ എനിക്ക് തോന്നുന്നത്.

എന്തിനേയും കണ്ണടച്ച് എതിര്‍ക്കും.

ആരെങ്കിലും വ്യവസായം തുടങ്ങാമെന്നും വെച്ച് വന്നാല്‍, അവരെ എങ്ങനെ ഓടിക്കും എന്ന് നോക്കും.


വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പകരം അവരെ ഓടിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യും. അല്ലെങ്കില്‍, കേരളം, വിനോദസഞ്ചാരകേന്ദ്രം എന്ന നിലയില്‍ത്തന്നെ എത്ര അഭിവൃദ്ധി നേടിയേനേ?

ഭാഷയുടെ കാര്യത്തില്‍ അവഗണന. മറ്റുള്ള പല സംസ്ഥാനങ്ങളും അവരുടെ സ്വന്തം ഭാഷയ്ക്ക് അവസരം നല്‍കുമ്പോള്‍ കേരളം, അതിന് ശ്രമിക്കുന്നില്ല എന്ന് തോന്നാറുണ്ട്.

കേരളം കേരളം എന്ന് മറുനാട്ടുകാരും വിദേശികളും പറയുമ്പോള്‍, നമ്മുടെ കേരളത്തെ തിരിച്ചറിയാന്‍, നാം ശ്രമിക്കുന്നില്ല എന്നതാണ് കാര്യം.

കുടുംബബന്ധങ്ങള്‍ ദൃഡമാകട്ടെ. ജനങ്ങള്‍ക്ക് നാടിനോടുള്ള ബന്ധവും നല്ലതാകട്ടെ. നമ്മുടെ നാട് എന്നൊരു ചിന്ത വരട്ടെ. എന്നെങ്കിലും നല്ലൊരു കേരളം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ശാന്തമായ, സുന്ദരമായ കേരളം.

സാരംഗി said...

വളരെ ഇന്‍ഫര്‍മേറ്റീവ്‌ ആയ ലേഖനം. നാം എവിടെ നില്‍ക്കുന്നു എന്നതിന്റെ ഒരു ശരിയായ കണ്ണാടി. അഭിനന്ദനങ്ങള്‍!!

കൊച്ചുഗുപ്തന്‍ said...

# സൂ:]... ശരിയാണ്‌...നമുക്ക്‌ നമ്മുടെ സമ്പന്നമായ , വിദേശികള്‍ പോലും വിലമതിച്ച്‌ പിന്തുടരാന്‍ ആഗ്രഹിയ്ക്കുന്ന സംസ്കാരത്തിന്റെ വിലയറിയില്ല.....മുറ്റത്തെ മുല്ലയ്ക്ക്‌.......

എപ്പോഴും പോലെ തേങ്ങയ്ക്ക്‌ പ്രത്യേക നന്ദി...ഇപ്പോഴൊക്കെ തേങ്ങയ്ക്ക്‌ എന്താ വില !!!!!....

# സാരംഗി:]....അതുതന്നെയാണ്‌ ഉദ്ദേശിച്ചത്‌...പ്രത്യേകിച്ചും ഇതൊക്കെ...

".നാം അക്ഷരംപ്രതി അനുസരിയ്ക്കുന്ന ഒരു ചൊല്ലുണ്ട്‌..കാണം വിറ്റും ഓണം ഉണ്ണണം എന്നത്‌..ചെറിയ മാറ്റങ്ങളോടെയാണെങ്കിലും അത്‌ ആത്‌മാര്‍ത്‌ഥതയോടെ പിന്തുടരുന്നു. അതെ.നാം കൃഷിയിടം വിറ്റ്‌ വീടുവെയ്ക്കുന്നു ...വീട്‌ വിറ്റ്‌ മക്കളെ കെട്ടിയ്ക്കുന്നു. കെട്ടിച്ചുവിട്ട മക്കളോ വഴിയാധാരമായ ഇവരെ ശരണാലയത്തിലെത്തിയ്ക്കുന്നു.അങ്ങനെ അവരുടെ ജീവിത ചക്രത്തിന്‌ ശുഭപര്യവസാനം !"..

തേടിയെത്തി അഭിനന്ദനങ്ങള്‍ അറിയച്ചതിന്‌ നന്ദി..

draupathivarma said...

itoru kannadiyanu...
nammal parasparam nokkan marakkunna kannadi...
nalla rachana...
abinandanagal...

പട്ടേരി l Patteri said...

നന്നായി എഴുതി...
ചിലപ്പോള്‍ ഇതുപോലെ തന്നെ ചിന്തിക്കുന്നതിനാലായിരിക്കാം നന്നാഇ എന്ന തോന്നലുണ്ടായത് :)
ഇത്രയേറെ നാടിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ ഉണ്ടായിട്ടും എന്തേ നമ്മുടെ നാട് നന്നാവാത്തത്.... അധികാരം എപ്പോഴും മറുപക്ഷത്താണല്ലോ അല്ലെ :((

കൃഷ്‌ | krish said...

കൊച്ചുഗുപ്താ.. വളരെ നല്ല ഒരു ലേഖനം.
നാം എല്ലാവരും വായിച്ചിരിക്കേണ്ടത്‌, വായിച്ചാല്‍ മാത്രം പോരല്ലോ.. അറിയേണ്ടവര്‍ അറിയണം, അതിനനുസരിച്ച്‌ ഇനിയങ്ങോട്ട്‌ പ്രവര്‍ത്തിക്കണം.

ഇപ്പോള്‍ തന്നെ കേരളം പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലാണ്‌..
ചില പിന്തിരിപ്പന്‍ കാര്യങ്ങളില്‍ വളരെ മുന്നിലും..
ബന്ത്‌/ഹര്‍ത്താല്‍ നടത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പുതിയ വ്യവസായം/സംരഭം മുടക്കല്‍, ഉള്ളത്‌ മരവിപ്പിക്കല്‍, കാര്യങ്ങള്‍ മുഴുവന്‍ അറിയാതെ എന്തിനേയും ഏതിനേയും എതിര്‍ക്കല്‍, വികസനത്തോടും നാടിനുവേണ്ട മാറ്റങ്ങളോടുമുള്ള വികലമായ (പഴഞ്ചന്‍) കാഴ്ച്ചപ്പാട്‌, നാടു മുടിഞ്ഞാലും സ്വന്തം കീശയും, കുടുംബവും (മാത്രം)വികസിക്കണം എന്ന രീതിയിലുള്ള രാഷ്ട്രീയക്കാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥവൃന്ദങ്ങളുടേയും അജണ്ട...
ഒത്തൊരുമിച്ചുനിന്നു കേന്ദ്രസര്‍ക്കാരില്‍നിന്നും സംസ്ഥാനത്തിനു ലഭിക്കേണ്ടതെല്ലാം വിലപേശിയും, സമ്മര്‍ദ്ദത്തിലൂടെയും, ഡിപ്ലൊമസിയിലൂടെയും നേടിയെടുക്കാന്‍ സാധിക്കാത്ത കഴിവുകേട്‌, പരസ്പരം (രാഷ്ട്രീയ) ചെളിവാരിയെറിയല്‍..തുടങ്ങി അനേകം അനേകം കാരണങ്ങളില്‍ നാം (കേരളം) മുന്നില്‍തന്നെ..

ഇതില്‍ ഞാനെന്തിനു ഇടപെടണം, അതു സര്‍ക്കാരിന്റെ കാര്യം - എന്ന പൊതുജനത്തിന്റെ മനോഭാവം കാര്യം കുറേക്കൂടി ഈ സ്ഥിതിയിലേക്കു എത്തിക്കുന്നു.

പറ്റിയതു പറ്റി... ഇനിയെന്തു ചെയ്യാം..എന്തു ചെയ്യണം..
അതാകണം ഇനി വിഷയം.

കൃഷ്‌ | krish